വിവിധ തരത്തിലുള്ള ഹെയർ മാസ്കുകൾ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടാകും. വാഴപ്പഴം കൊണ്ടുള്ള ഹെയർ പാക്ക് ഉപയോഗിച്ചിട്ടുണ്ടോ?. വാഴപ്പഴം മുടിയിൽ പുരട്ടുന്നത് മുടി ആരോഗ്യമുള്ളതാക്കാനും താരൻ അകറ്റാനും സഹായകമാണ്. മാത്രമല്ല തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു.
വാഴപ്പഴം അതിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. മുടി വളരാനും വാഴപ്പഴം നല്ലതാണ്. മുടികൊഴിച്ചിൽ പ്രശ്നമുള്ളവർ ആഴ്ചയിലൊരിക്കൽ വാഴപ്പഴം കൊണ്ടുള്ള ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. മുടികൊഴിച്ചിൽ തടയാൻ വാഴപ്പഴം ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഡെറാഡൂണിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.വിനയ് കുമാർ പറയുന്നു.
നിങ്ങൾക്ക് കൂടുതൽ മുടി കൊഴിയുകയും വളർച്ച കുറയുകയും ചെയ്യുന്നുവെങ്കിൽ, അതാണ് മുടികൊഴിച്ചിൽ. ആരോഗ്യമുള്ള എല്ലാ മുതിർന്നവർക്കും തലയോട്ടിയിൽ നിന്ന് മാത്രം പ്രതിദിനം നൂറ് മുടി വരെ നഷ്ടപ്പെടും. ഇത് സാധാരണമാണെന്ന് ഡോ.വിനയ് പറയുന്നു. കാരണം അത് സാധാരണ ഗതിയിലെ വളർച്ചയാൽ സന്തുലിതമാണ്. ഗർഭച്ഛിദ്രം, മുലയൂട്ടൽ, ആർത്തവവിരാമം, മുടി സ്റ്റൈലിംഗ്, എൻഡോക്രൈൻ തകരാറുകൾ തുടങ്ങിയ അവസ്ഥകൾ സ്ത്രീകളിൽ മുടികൊഴിച്ചിലിന് കാരണമാകും.
സ്ത്രീകളിലെ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളിലൊന്നായി വാഴപ്പഴം കണക്കാക്കപ്പെടുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം, സിലിക്ക, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ, പ്രകൃതിദത്ത എണ്ണകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ തൊലിയിൽ പോഷകങ്ങളും ഉണ്ട്.
വാഴപ്പഴം കൊണ്ടുള്ള ഹെയർ പാക്കുകൾ...
ഒന്ന്...
ഒരു പഴുത്ത വാഴപ്പഴമെടുത്ത് ഒരു പാത്രത്തിലിട്ട് പേസ്റ്റ് രൂപത്തിലാകുന്നത് വരെ നന്നായി ഉടച്ചെടുക്കണം. ഇതിലേക്ക് 100 മില്ലി തേനും 1 ടീസ്പൂൺ ഓട്സും ചേർത്ത് 5 മിനിറ്റ് ഇളക്കുക. മുടിയിലുടനീളം ഇത് പുരട്ടി 10 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
രണ്ട്...
ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ,3-4 തുള്ളി റ്റീ ട്രീ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. മൃദുവായ ഈ പേസ്റ്റ് തലയോട്ടി മുഴുവനും ശ്രദ്ധയോടെ തേച്ചുപിടിപ്പിക്കുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇട്ട ശേഷം ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കുക.