പങ്കാളിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി യുവാവ്. മയക്കുമരുന്നിന് അടിമയായ യുവാവ് അതിക്രൂരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ട് വയസുകാരിയായ ലോല ജെയിംസ് ആണ് ഹാവർഫോർഡ്വെസ്റ്റിലെ വീട്ടിൽ വച്ച് അമ്മയുടെ കാമുകനായ കൈൽ ബെവന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. കാറപകടത്തിൽ പരിക്കേൽക്കുന്നതിന് സമാനമായിരുന്നു കുഞ്ഞിന്റെ പരിക്കുകൾ എന്നാണ് കോടതി പോലും പറഞ്ഞത്. 2020 -ലാണ് സംഭവം നടന്നത്. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം മാറി നാല് മാസത്തിന് ശേഷമാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തത്.
വീട്ടിലുള്ള നായയ്ക്ക് പിന്നാലെ ഓടവേ കുട്ടി സ്റ്റെയറിൽ നിന്നും വീണതാണ് എന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ സ്വാൻസീ ക്രൗൺ കോടതിയിലെ ജൂറിയാണ് 31 -കാരനായ ഇയാളെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നത്. ലോലയുടെ അമ്മ സിനേഡ് ജെയിംസ് അവളുടെ മരണത്തിന് കാരണക്കാരിയായില്ലെങ്കിലും കുറ്റക്കാരിയാണ് എന്ന് കണ്ടെത്തി. നേരത്തെ തന്നെ ഗാർഹിക പീഡനത്തിന് ഇരയായിട്ടുള്ള സിനേഡിന് തന്റെ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചില്ല എന്നും കുഞ്ഞിനെ ക്രൂരനായ രണ്ടാനച്ഛനിൽ നിന്നും രക്ഷിക്കാൻ സാധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു.
കുഞ്ഞിന്റെ ശരീരത്തിൽ ആകെ 101 പരിക്കുകളാണ് കണ്ടെത്തിയത്. ആംബുലൻസ് വിളിക്കാനോ പരിക്കേറ്റ കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിക്കാനോ ഒന്നും തന്നെ ഇയാൾ ശ്രമിച്ചില്ല എന്നും കോടതി പറയുന്നു. മാത്രവുമല്ല പരിക്കേറ്റ് വീണ കുഞ്ഞിന്റെ വീഡിയോയും ഇയാൾ ചിത്രീകരിച്ചു. അതുപോലെ നിരന്തരം മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളാണ് ഇയാൾ എന്നും കോടതി പറയുന്നു.
ഏപ്രിൽ 25 -ന് ഇയാൾക്കും ലോലയുടെ അമ്മയ്ക്കും എതിരെ കോടതി ശിക്ഷ വിധിക്കും.