തുർക്കിയിലുണ്ടായ ഭൂകമ്പം വലിയ ദുരന്തത്തിനാണ് കാരണമായിത്തീർന്നത്. അനേകം പേർക്ക് തങ്ങളുടെ സകലതും നഷ്ടപ്പെട്ടതിനൊപ്പം നികത്താനാവാത്ത നഷ്ടമായി അവരുടെ ഉറ്റവരെയും നഷ്ടപ്പെട്ടിരുന്നു. അതുപോലെ, രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് 128 മണിക്കൂറുകൾ അവശിഷ്ടങ്ങൾക്കിടയിൽ അതിജീവിച്ചത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞ് 54 ദിവസങ്ങൾക്ക് ശേഷം തന്റെ അമ്മയുമായി ഒന്നു ചേർന്നിരിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
അന്ന് കരുതിയിരുന്നത് കുഞ്ഞിന്റെ അമ്മ മരിച്ചു പോയി എന്നായിരുന്നു. എന്നാൽ, ഇപ്പോൾ കുഞ്ഞിന്റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഉക്രേനിയൻ ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ജോലി ചെയ്യുന്ന ആന്റൺ ഗെരാഷ്ചെങ്കോവാണ് ഈ സന്തോഷ വാർത്തയും ചിത്രങ്ങളും ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കുട്ടിയുടെ അമ്മ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്തിയ ശേഷമാണ് ഇപ്പോൾ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചിരിക്കുന്നത്. 'തുർക്കിയിലെ ഭൂകമ്പത്തെ തുടർന്ന് 128 ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയേണ്ടി വന്ന കുഞ്ഞിനെ നിങ്ങൾ ഓർക്കുന്നുണ്ടാവും. കുഞ്ഞിന്റെ അമ്മ മരിച്ചു എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, അമ്മ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഇപ്പോൾ അറിയുന്നത്. അവർ മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 54 ദിവസങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന് പിന്നാലെ അവർ വീണ്ടും ഒന്നിച്ചിരിക്കുന്നു' എന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
അമ്മയും കുഞ്ഞും ഒന്നു ചേർന്നതിനെ വലിയ സന്തോഷത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്. അമ്മയും കുഞ്ഞും ഭൂകമ്പത്തെ അതിജീവിച്ചു എന്ന് അറിഞ്ഞതിലും ഇരുവരും വീണ്ടും ഒന്നുചേർന്നു എന്ന് അറിഞ്ഞതിലും വലിയ സന്തോഷം എന്നാണ് നിരവധിപ്പേർ എഴുതിയിരിക്കുന്നത്.