ആലപ്പുഴ: മാവേലിക്കരയില്‍ രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ 12 വയസ്സുകാരനെ അമ്മയും മർദ്ദിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടെന്നും മാസങ്ങളായി മതിയായ ഭക്ഷണം ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. താടിയിലും തലക്കുമേറ്റ മുറിവുകൾ ആയുധം ഉപയോഗിച്ചുള്ളവയാണ്.
തീരെ അവശ നിലയിലായ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടുത്തെ ഡോക്ടർമാരോടാണ് കുട്ടി അമ്മയും തന്നെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഈ കുട്ടിക്ക് ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ട് മാസങ്ങളായിട്ടുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്.
ശരീരമാസകലം മുറിവുകളുണ്ട്. അവയിൽ ചിലത് കാലപ്പഴക്കമുള്ളവയുമാണ്. മുറിവുകൾ പലതും ചികിത്സ ലഭിക്കാതെ പഴുത്ത അവസ്ഥയിലുമാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയെ രണ്ടാനച്ഛനായ സുകു മർദ്ദിക്കുന്നത് കണ്ട് അയൽക്കാരാണ് ആദ്യം വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെയും കൊണ്ട് രണ്ടാനച്ഛന് സുകു ജില്ലാ ആശുപത്രിയിലെത്തുന്നു. ഡോക്ടറോട് കുട്ടി വീണ് തലക്ക് പരിക്കേറ്റു എന്നാണ് രണ്ടാനച്ഛൻ പറഞ്ഞത്.
എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ ചില അസ്വാഭാവികത ഡോക്ടര്‍മാര്‍ക്ക് തോന്നി. തുടര്‍ന്ന് കുട്ടിയെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കുട്ടി രണ്ടാനച്ഛന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് ഡോക്ടര്‍ക്ക് മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ വെച്ചാണ് അമ്മയും തന്നെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് കുട്ടി പറഞ്ഞത്. മാസങ്ങളായി ഭക്ഷണം ലഭിക്കാത്തതിന്റെ പ്രശ്നങ്ങള്‍ കുട്ടിക്കുണ്ട് എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. രണ്ടാനച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.