റഷ്യയിലെ മോസ്കോയ്ക്ക് സമീപം യുവതിയുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലപ്പെട്ട സ്ത്രീയുടെ 14 വയസ്സുള്ള മകളെയാണ് റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ വിദ്യാർഥിനി വാടകക്കൊലയാളിയെ ഏൽപിച്ചതെന്ന് പൊലീസ് കണ്ടെത്തി.
മോസ്കോ മേഖലയിലെ ബാലശിഖ നഗരത്തിൽ മാലിന്യക്കൂമ്പാരത്തിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഒരു കാവൽക്കാരനാണ് മൃതദേഹം കണ്ടത്, തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കണ്ടെത്തി. യുവതിക്ക് ഭർത്താവില്ലെന്നും ഒരു മകളുണ്ടെന്നും മനസിലാക്കിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തുടർന്ന് അമ്മയെ കൊലപ്പെടുത്താൻ മകൾ 15 വയസ്സുള്ള കാമുകനുമായി ഗൂഢാലോചന നടത്തിയെന്ന് പൊലീസ് കണ്ടെത്തി. 38 കാരിയെ കൊലപ്പെടുത്താൻ പ്രതികൾ ഹിറ്റ് ടീമിന് 3,650 പൗണ്ട് (3,72,202 രൂപ) നൽകിയതായി റഷ്യൻ പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബ ഫ്ലാറ്റിലാണ് 15 കാരൻ താമസിച്ചിരുന്നത്. ബന്ധമറിഞ്ഞ യുവതി അത് വിലക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ബ്രിട്ടീഷ് ടാബ്ലോയിഡ് ദി സൺ റിപ്പോർട്ട് ചെയ്തു.