തിരുവനന്തപുരത്തു പതിമൂന്നുകാരനെ പീഡിപ്പിച്ച ഡോക്ടർക്കു 26 വർഷം കഠിന തടവ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മണക്കാട് സ്വദേശി കെ. ഗിരീഷിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക കുട്ടിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റും ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രാഫസറുമായിരുന്നു പ്രതിയായ മണക്കാട് സ്വദേശി ഗിരീഷ്.
2015 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. 2019ൽ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർമാർ വിശദമായി ചോദിച്ചപ്പോഴാണ് നിരന്തരം പീഡിപ്പിക്കപ്പെട്ട വിവരം പറഞ്ഞത്. ഇതോടെയാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.