റമദാനിൽ നിർധനർക്ക് നൽകുന്ന സാമൂഹിക സുരക്ഷാ സഹായ വിതരണം സൗദിയിൽ ആരംഭിച്ചു. ഇതിനായി ഭരണാധികാരി സൽമാൻ രാജാവ് 300 കോടി റിയാൽ വിതരണം ചെയ്യാൻ അനുമതി നൽകി. സാമൂഹിക സുരക്ഷാ സഹായ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 1,000 റിയാലും കുടുംബാംഗത്തിന് 500 റിയാലും ലഭിക്കും.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇന്നു മുതൽ നിക്ഷേപിച്ചു തുടങ്ങിയതായി അധികൃതർ അറിയിച്ചു. വിധവകൾ, അനാഥർ, തൊഴിൽ രഹിതർ, പ്രായമായവർ, വികലാംഗർ, സൗദി സർക്കാരിന്റെ സാമൂഹിക ക്ഷേമ സഹായത്തിന് അർഹരായവർ എന്നിവർക്കാണ് റമദാനിൽ പ്രത്യേക സഹായം വിതരണം ചെയ്യുന്നത്.
വിവാഹ സഹായം, ഭവനവായ്പ എന്നിവക്ക് അർഹരായവർ, കുറഞ്ഞ വരുമാനക്കാർ, പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർ എന്നിവർക്കും സഹായം വിതരണം ചെയ്യുമെന്ന് മനുഷ്യവിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അറിയിച്ചു.