ഓണ സദ്യ എന്നത് ഒരു വികാരം ആണല്ലേ ? പാണ്ടോക്കെ വീടുകളിൽ ഓണം അക്കുംബ്ബോൾ സദ്യ വട്ടം ഒരുക്കാനൊക്കെ തിരക്കുപിടിച്ച ഓട്ടം ആയിരുന്നു . എന്നാൽ ഇപ്പോൾ ജീവിത ഓട്ടത്തിന്റെ തിരക്കിൽ അതിൽ ചില മാറ്റങ്ങളും വന്നു. ഇപ്പോഴാണെങ്കിൽ ഹോട്ടലുകൾ സദ്യ ഒരുക്കി നൽകുന്ന രീതിയുണ്ട്. സദ്യ പറഞ്ഞേൽപ്പിച്ച് പണം അടച്ചാൽ സദ്യ വീട്ടിൽ എത്തും. എന്നാൽ ഓണ ദിവസം വൈകുന്നേരം ആയിട്ടും ഏൽപ്പിച്ച സദ്യ എത്തിയില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ.
സദ്യ ഇല്ലാതെ പിന്നെ എന്ത് ഓണമല്ലേ? അതെ, കൊച്ചിയിലെ ഒരു വീട്ടമ്മയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്. എന്നാൽ വെറുതേയിരിക്കാൻ അവർ തയ്യാറായില്ല. നിയമവഴി പോയി, കേസിൽ ഇപ്പോൾ വിജയിക്കുകയും ചെയ്തു. സംഭവം നടന്നത് 2021ൽ ആണ്.
2021 തിരുവോണ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈറ്റില സ്വദേശിനി ബിന്ധ്യ സുൽത്താൻ ഓണത്തിന് മെയ്സ് റസ്റ്ററൻറിൽ സ്പെഷൽ ഓണസദ്യ ബുക്ക് ചെയ്തിരുന്നു. 5 പേർക്കാണ് സദ്യ ബുക്ക് ചെയ്തിരുന്നത്. സദ്യയുടെ നിരക്കായ 1295 രൂപയും നൽകി. ഉച്ചയ്ക്ക് ഊണും കറികളും പായസവും വീട്ടിലേക്ക് എത്തിക്കാമെന്നായിരുന്നു ഹോട്ടലിൽ നിന്ന് പറഞ്ഞത്. എന്നാൽ മൂന്ന് മണി വരെ കാത്തിരുന്നിട്ടും സദ്യ വന്നില്ല. ഹോട്ടൽ ഉടമയെ അടക്കം ഫോണിൽ വിളിച്ചു. എന്നാൽ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ആണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഇതിന് പിന്നാലെയാണ് തിരുവോണ സദ്യ മുടക്കിയതിന് കൊച്ചിയിലെ ഹോട്ടലുടമ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉത്തരവായത്. എറണാകുളം മെയ്സ് റസ്റ്ററൻറിനോട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി 40,000 രൂപയും സദ്യയ്ക്കായി കൈപ്പറ്റിയ തുകയും പരാതിക്കാരിക്കു നൽകണം എന്നാണ് ഉത്തരവിൽ പറയുന്നത്.