രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ഇന്ത്യൻ ഭാരോദ്വഹന താരം സഞ്ജിത ചാനുവിന് നാല് വർഷം വിലക്ക്. കഴിഞ്ഞ വർഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ താരം നിരോധിത സ്റ്റിറോയിഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നടപടി.
ദേശീയ ഗെയിംസ് മത്സര പരിശോധനയിൽ സഞ്ജിത ‘ഡ്രോസ്റ്റനോലോൺ മെറ്റാബോലൈറ്റ്’ എന്ന നിരോധിത അനാബോളിക് സ്റ്റിറോയിഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ഗുജറാത്തിലാണ് ദേശീയ ഗെയിംസ് അരങ്ങേറിയത്. ഇന്ത്യൻ ഭാരോദ്വഹന ഫെഡറേഷൻ (ഐഡബ്ല്യുഎഫ്) പ്രസിഡന്റ് സഹദേവ് യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു.
ഫലം പോസിറ്റീവ് ആയതോടെ ദേശീയ ഗെയിംസിൽ നേടിയ വെള്ളി മെഡൽ സഞ്ജിതയ്ക്ക് നഷ്ടപ്പെടും. അതേസമയം തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ മണിപ്പൂർ സ്വദേശിക്ക് ഇനിയും അവസരമുണ്ട്. എന്നാൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 48 കിലോയിൽ സഞ്ജിത സ്വർണം നേടിയിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന 2018 പതിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിലും ചാമ്പ്യനായി.