തൃശൂർ എടത്തിരുത്തിയിൽ കുളത്തിൽ വളർത്തിയിരുന്ന കരിമീനുകൾ കൂട്ടത്തോടെ ചത്തനിലയിൽ. എടത്തിരുത്തി നാലാം വാർഡിൽ പയൻകടവിന് സമീപം താടിക്കാരൻ വിൻസെന്റിന്റെ കുളത്തിലാണ് കരിമീനുകൾ ചത്തുപൊന്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി
ഇന്ന് ഉച്ചയോടെയാണ് മീനുകൾ കുളത്തിൽ ചത്ത്പൊന്തിയ നിലയിൽ കണ്ടെത്തിയത്. 16 സെന്റിലുള്ള കുളത്തിൽ 500 കിലോയോളം മീനുകൾ ഉണ്ടായിരുന്നതായി വിൻസെന്റ് പറഞ്ഞു. നാളെ വിളവെടുക്കാനിരിക്കെയാണ് മീനുകൾ ചത്തുപൊങ്ങിയത്. എട്ട് വർഷത്തോളമായി മത്സ്യകൃഷി നടത്തി വരുന്നയാളാണ് വിൻസെന്റ്. കുളം കെട്ടി സംരക്ഷിച്ചും, ചുറ്റുമതിലും കെട്ടിയാണ് മത്സ്യകൃഷി നടത്തിയിരുന്നത്.
ഈസ്റ്റർ, വിഷു പ്രമാണിച്ച് മീൻ വിളവെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം പരസ്യം നൽകിയിരുന്നു. ഇതു പ്രകാരം നിരവധി ആവശ്യക്കാരും മുന്നോട്ട് വന്നിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിൻസെന്റ് പറഞ്ഞു. ഫിഷറിസ് വകുപ്പിലും കയ്പമംഗലം പോലീസിലും വിൻസെന്റ് പരാതി നൽകിയിട്ടുണ്ട്.