സന: യുദ്ധബാധിതമായ യെമനില്‍ വ്യാഴാഴ്ച സൗജന്യ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 80-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈദുല്‍ ഫിത്തറിന് മുമ്പേ നടത്തിയ സൗജന്യ വിതരണത്തിനാണ് ആളുകള്‍ ഇരച്ചെത്തിയത്. ഏകദേശം 322 പേര്‍ക്ക് പരിക്കേറ്റതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രര്‍ക്ക് ധനസഹായം വിതരണം ചെയ്തത്. സഹായം സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്കൂളിലേക്ക് എത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവച്ചത് വൈദ്യുതി ലൈനില്‍ തട്ടി പൊട്ടിത്തെറിച്ചു. സ്ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി ഹൂതി രാഷ്ട്രീയ മേധാവി മഹ്ദി അല്‍ മഷാത്ത് പറഞ്ഞു