യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്ററുകള്‍. ‘ഷോഫി’ഫാന്‍സ് പാലക്കാട്ടെ കോണ്‍ഗ്രസിന് ബാധിച്ച കാന്‍സര്‍ എന്നുള്‍പ്പെടെ പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നുള്പ്പെടെയാണ് പോസറ്ററിലൂടെ ഷാഫി പറമ്പിലിനെതിരായ വിമര്‍ശനം. ജില്ലാ പ്രസിഡന്റ് ജില്ലാ മുഴുവന്‍ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിലൂടെ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്റെ തട്ടകത്തില്‍ പലയിടത്തായാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വേലി ചാടിമറിഞ്ഞ് നേതാക്കളുടെ കാല് നക്കി സീറ്റ് തരപ്പെടുത്തുകയും പാര്‍ട്ടി നല്കിയ ഇലക്ഷന് ഫണ്ട് തിരുമറി നടത്തി വീടുപണിതെന്നും ജില്ലാ നേതാക്കള്‍ക്കെതിരെ പോസ്റ്ററിലൂടെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണം വാങ്ങി മണ്ഡലം പ്രസിഡന്റുമാരേയും ഭാരവാഹികളേയും വച്ച ഫിറോസ് ബാബുവിനെ പുറത്താക്കണമെന്നും പോസ്റ്ററിലൂടെ ഒരു വിഭാഗം ആവശ്യപ്പെട്ടു.