ഡല്‍ഹി: സുഡാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ വിലയിരുത്താന്‍ ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. സുഡാനില്‍ 4000 ഇന്ത്യക്കാരുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ അറബ് രാജ്യങ്ങളുമായി കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ഈ മേഖലയിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം. വിമാനങ്ങള്‍ സുഡാനില്‍ എത്തിച്ച് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും.
സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.