ചെറുപുഴ: കിഡ്നി സ്റ്റോണിന് ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും മുഴുവന്‍ കല്ലുകളും നീക്കം ചെയ്തില്ലെന്ന പരാതിയുമായി യുവാവ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് കാസര്‍കോട് ചെറുപുഴ സ്വദേശിയായ അലന് പരാതി നല്‍കിയിരിക്കുന്നത്. ഒരു കല്ല് നീക്കം ചെയ്യാതെ കിടന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയിലാണെന്നും യുവാവ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെറുപുഴ സ്വദേശി 23 വയസുകാരന് അലന് ബിജു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കിഡ്നിയിലെ നാല് കല്ലുകള്‍ നീക്കം ചെയ്യാനായിരുന്നു ഇത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിന് പക്ഷേ വീണ്ടും കടുത്ത വേദന വന്നു. ഇതോടെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് ഒരു കല്ല് നീക്കം ചെയ്യാതെ കിടക്കുന്നതായി കണ്ടതെന്നാണ് പരാതി.
ചികിത്സാ പിഴവാണെന്ന് കാണിച്ച് ആശുപത്രിക്കെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണിവര്‍. എന്നാല്‍ കല്ല് ബാക്കിയായിട്ടില്ലെന്നും തരികള്‍ കൂടിച്ചേര്‍ന്ന് നില്‍ക്കുന്നതാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുറച്ച് ദിവസം കഴിയുമ്പോള്‍ ഇത് മൂത്രത്തിലൂടെ പുറത്ത് പോകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
കണ്ണൂരില്‍ കൈപ്പത്തിയിലെ മുറിവിന് ചികിത്സ തേടിയ പെണ്‍കുട്ടിക്ക് ഡോക്ടറുടെ അശ്രദ്ധ മൂലം കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നത് രണ്ട് ദിവസം മുന്‍പാണ്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. ഞരമ്പിന് മുറിവേറ്റത് അറിയാതെ മുറിവ് തുന്നിക്കൂട്ടിയത് മൂലമാണ് വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടതെന്ന് പിന്നീട് ചികിത്സിച്ച ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്.