ഇന്ത്യ രാമരാജ്യമാകുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ശ്രീരാമൻ സ്ഥാപിച്ച ആദർശങ്ങളുടെ പാതയിലാണ് സർക്കാർ സഞ്ചരിക്കുന്നതെന്നും കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി ബിജെപി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
“ശ്രീരാമൻ മുന്നോട്ടുവെച്ച ആദർശങ്ങളുടെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ സമ്പൂർണ രാമരാജ്യമായി മാറിയെന്ന് ഞാൻ പറയില്ല. പക്ഷേ, രാജ്യം ആ ദിശയിലേക്കാണ് നീങ്ങുന്നത്”- രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നതായി കേന്ദ്രമന്ത്രി അവകാശപ്പെട്ടു. “നേരത്തെ, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ സംസാരിക്കുമ്പോൾ ആരും അത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ അന്തസ്സ് വർദ്ധിച്ചു, ഇന്ത്യയുടെ ബഹുമാനം വർദ്ധിച്ചു. ഇന്ത്യ എന്താണ് പറയുന്നതെന്ന് ഇന്ന് ലോകം ഉറ്റുനോക്കുകയാണ്”- പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. മുൻ ബ്യൂറോക്രാറ്റ് ധീരജ് ഭട്നാഗറിന്റെ ‘രാമചരിതമനസ്’ ഹിന്ദി കവിതാ വിവർത്തനത്തിന്റെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.