തിരുവനന്തപുരം: നിക്ഷേപകര്‍ പണത്തിനായി കൂട്ടത്തോടെ സമീപിച്ചതോടെ പൊതുമേഖലാ സ്ഥാപനമായ കെടിഡിഎഫ്സി (കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ) യില്‍ പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ക്ക് ശമ്പളം നല്കാൻ പോലും പണമില്ലാതായി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും, ഒന്നും നടന്നില്ല.
നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുനല്‍കാന്‍ പണമില്ലാത്ത സ്ഥിതിയിലാണ് കെടിഡിസി. ശമ്പളം കൊടുക്കാന്‍ വരുമാനമില്ല. കടം നല്കിയ പണത്തിന് തിരിച്ചടവില്ല. കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് അടച്ചുപൂട്ടലിന്റെ വക്കിലൂടെയാണ് കടന്നുപോകുന്നത്. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തില്‍ പൊതുജന നിക്ഷപമായുള്ളത്. ഇതില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസിക്ക് കടം നല്‍കാനാണ് ചെലവാക്കിയത്. പിഴപ്പലിശ അടക്കം കെഎസ്ആര്‍ടിസി 700 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാനുണ്ട്.
പണം തിരികെ നൽകാനില്ലാതെ വന്നതോടെ നിക്ഷേപകര്‍ക്ക് മുന്നില്‍ കൈമലര്‍ത്തുകയാണ് കെടിഡിഎഫ്സി. സ്ഥാപനത്തിൽ വൻതുക നിക്ഷേപിച്ച ചിലർ പണം തിരികെ കിട്ടാനായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ കെടിഡിഎഫ്സിയുടെ പേരിലേക്ക് മാറ്റി, കിട്ടാക്കടത്തില്‍ കുറവ് കാണിച്ച് കൂടുതല്‍ വായ്പ എടുക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകളുടെ കടുത്ത എതിര്‍പ്പ് ഇക്കാര്യത്തിലും തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാനാകാതെ സര്‍ക്കാരും കുഴയുകയാണ്.