സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ വീണ്ടും അച്ഛനാവുന്നു. നെയ്മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് താൻ ഗര്‍ഭിണിയാണെന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബ്രൂണയുടെ വയറില്‍ ചുംബിക്കുന്ന നെയ്മറുടെ ചിത്രവും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
‘നിന്റെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ സ്വപ്നം കാണുന്നു, നിന്റെ വരവിനായി ഞങ്ങൾ ഒരുക്കങ്ങള്‍ നടത്തുന്നു, ഞങ്ങളുടെ സ്നേഹം പൂർത്തികരണമായി നീ ഇവിടെയുണ്ടെന്ന് അറിയുന്നത് ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുന്നു. ഇതിനകം തന്നെ നിന്നെയേറെ സ്നേഹിക്കുന്ന നിന്റെ സഹോദരൻ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മായിമാർ എന്നിവരോടൊപ്പം മനോഹരമായ ഒരു കുടുംബത്തിൽ നീ എത്തിച്ചേരും! വേഗം വരൂ മകനേ/മകളേ, ഞങ്ങൾ നിനക്കായി കാത്തിരിക്കുകയാണ്’ – ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബ്രൂണയും നെയ്നമറുമൊത്തുള്ള ചിത്രത്തിന് താഴെ സഹതാരങ്ങളും അടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.പി എസ് ജിയില്‍ നെയ്മറുടെ സഹതാരമായ മാര്‍ക്കൊ വെറാറ്റി, ബ്രസീല്‍ ടീമിലെ സഹതാരമായ റിച്ചാര്ലിസണ് എന്നിവരെല്ലാം നെയ്മര്‍ക്കും ബ്രൂണക്കും ആശംസ അറിയിച്ചിട്ടുണ്ട്.