പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലികിന്റെ അഭിമുഖം ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും. പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു, ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് അഴിമതി നടത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് ട്വിറ്ററിൽ അഭിമുഖം പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.
സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. പുൽവാമ ആക്രമണത്തിൽ 40 ധീരജവാന്മാർ വീരമൃത്യു വരിക്കേണ്ടിവന്നതിന് കാരണം മോദി സർക്കാരിന്റെ വീഴ്ചയാണ്. നമ്മുടെ ജവാന്മാർക്ക് വിമാനം ലഭിച്ചിരുന്നുവെങ്കിൽ ആ ഭീകരാക്രമണം നടക്കില്ലായിരുന്നു. ഈ വീഴ്ച മറച്ചുവയ്ക്കുക മാത്രമല്ല, നിങ്ങളുടെ മുഖം സംരക്ഷിക്കാനും നിങ്ങൾ മുതിർന്നു’- കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ കുറിച്ചു.ഒരിക്കലും ഇത്രയധികം വരുന്ന സൈനിക സംഘത്തെ റോഡ് മാർഗം സഞ്ചരിക്കാൻ അനുവദിക്കാറില്ല- സത്യപാൽ മാലിക് അഭിമുഖത്തിൽ പറഞ്ഞു. ‘അതുകൊണ്ട് തന്നെ സൈനികരുടെ യാത്രയ്ക്കായി സിആർപിഎഫ് വിമാനം അഭ്യർത്ഥിച്ചിരുന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ ഈ അപേക്ഷ തള്ളിയതുകൊണ്ടാണ് 40 സൈനികരുൾപ്പെട്ട കോൺവോയ് റോഡ് മാർഗം പുൽവാമയിലൂടെ സഞ്ചരിച്ചത്’ – അദ്ദേഹം പറഞ്ഞു. അക്രമണമുണ്ടായ സമയത്ത് പ്രധാനമന്ത്രിയോട് സത്യപാൽ മാലിക് ഇക്കാര്യം പറഞ്ഞപ്പോൾ ഇതെ കുറിച്ച് മിണ്ടരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പറഞ്ഞതെന്ന് സത്യപാൽ മാലിക് അഭിമുഖത്തിൽ ആരോപിച്ചു.
ഇന്റലിജൻസ് വിഭാഗത്തിന്റെ പക്കൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും സത്യപാൽ മാലിക് ആരോപിക്കുന്നു. സൈനികരെ ആക്രമിച്ച 300 കിലോഗ്രാം ആർഡിഎക്സ് അടങ്ങിയ വാഹനം അപകടം നടക്കുന്നതിനും 10-12 ദിവസം മുൻപ് മേഖലയിൽ കറങ്ങിതിരിഞ്ഞുവെന്നും ഇത് ഇന്റലിജൻസ് കണ്ടെത്താതെ പോയെന്നും അദ്ദേഹം ആരോപിച്ചു.