തൃശൂർ : അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കണമെന്ന് ഹൈക്കോടതി അറിയിച്ചതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് വാഴചാൽ ഊര്. ഏത് കോടതി പറഞ്ഞാലും അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് വാഴചാൽ ഊര് മൂപ്പത്തി ഗീത പറഞ്ഞു. ആനയെ കൊണ്ട് വരാൻ നീക്കമുണ്ടായാൽ കുടിൽ കെട്ടി സമരം നടത്തുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം സമരം ചെയ്തതിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഭീഷണി ഉണ്ടെന്ന് വന സംരക്ഷണ സേന ജീവനക്കാരി ഇന്ദിരയും പറഞ്ഞു.
അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരണമെന്ന് സര്ക്കാര് പറയില്ലെന്നാണ് പ്രതീക്ഷയെന്ന് കെ ബാബു എംഎൽഎയും പ്രതികരിച്ചു. . സർക്കാർ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരിക്കൊമ്പൻ ഉടൻ പറമ്പിക്കുളത്തേക്ക് വരില്ലെന്നത് ആശ്വാസമാണ്. ജനകീയ സമരങ്ങൾ താത്കാലികമായി നിർത്തിവെക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതി തീരുമാനം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കൃത്യമായ വിധി പറയുന്നതിന് പകരം, ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് ഇട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് കോടതി മനസ്സിലാക്കുമെന്നാണ് കരുതിയിരുന്നത് എന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.
അരിക്കൊന്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി. ആനയെ കൂട്ടിലടയ്ക്കാനാകില്ല എന്ന് ആവർത്തിച്ച കോടതി എങ്ങോട്ട് മാറ്റണമെന്നതിൽ ഒരാഴ്ചക്കുള്ളിൽ സർക്കാർ തീരുമാനം എടുക്കണമെന്ന് നിർദേശിക്കുകയായിരുന്നു. കേസ് 19ന് വീണ്ടും പരിഗണിക്കും.