ന്യൂഡല്‍ഹി: പൊതുവേദിയില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് ചുട്ടമറുപടി നല്കി ഇന്ത്യ. കൗണ്‍സിലിന്റെ സമയം പാകിസ്താന് അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് വെറുതെ കളയുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാമ്പോജ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു പാകിസ്താന് വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ചത്.
കേന്ദ്രഭരണത്തില്‍ കശ്മീരിലെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണെന്നായിരുന്നു പാകിസ്താന് സ്ഥിരം പ്രതിനിധിയുടെ പരാമര്‍ശം. ഇത് കേട്ടയുടനെ ചുട്ടമറുപടി ഇന്ത്യ നല്കി. പാകിസ്താന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് രുചിര പറഞ്ഞു. അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സിലിന്റെ സമയം വെറുതെ കളയുന്നു. ഇതിനെല്ലാം മറുപടി നല്കി സമയം പാഴാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ കുറേ കാലമായി യോഗത്തില്‍ ഇത്തരത്തില്‍ അപ്രസക്തമായ കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇതെല്ലാം പൂര്‍ണമായി തള്ളിക്കളയേണ്ടത് ആണ്. അതുകൊണ്ട് തന്നെയാണ് ഇതിനെല്ലാം മറുപടി നല്കി സമയം കളയാനില്ലെന്ന് താന്‍ പറയുന്നത്. ഈ അവസരത്തില്‍ തങ്ങള്‍ മുന്‍കാലങ്ങളില്‍ നല്കിയ മറുപടി കൗണ്‍സില്‍ അംഗങ്ങള്‍ പാകിസ്താനെ ഒന്ന് ഓര്‍മ്മിച്ചാല്‍ നന്നായിരുവെന്നും രുചിര വ്യക്തമാക്കി.
2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്രം എടുത്തു കളഞ്ഞതു മുതല്‍ ഇതൊരു അന്താരാഷ്ട്ര വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാകിസ്താന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന് നിരന്തരം ഈ വിഷയം ഉന്നയിക്കുന്നത്. എന്നാല്‍ പാകിസ്താന് കശ്മീര്‍ വിഷയം ഉന്നയിക്കുമ്പോഴെല്ലാം തക്ക മറുപടി ഇന്ത്യയും നല്‍കാറുണ്ട്.