ചെന്നൈ : തമിഴ്നാട് വേദസന്തൂരിലെ കിഴവന്നൂർ എന്ന ദേശത്തെ കാളിയമ്മൻ ക്ഷേത്രത്തിലെ 'സേർത്താണ്ടി വേഷം' എന്ന ക്ഷേത്രാചാരം കുറച്ചു കടുപ്പമാണ്. 'സേർത്താണ്ടി വേഷം കെട്ടിയേക്കാമെന്ന് നേർത്തി കടം മുടിവെടുത്ത ഭക്തർ തിരുവിഴ നാൾ പറകൊട്ടി കോവിലിലെത്തും'. അതായത് ഈ പറഞ്ഞ ആചാരം അനുഷ്ടിക്കാമെന്ന് നേർച്ചയെടുത്ത ഭക്തർ ഉത്സവ ദിവസം കൂട്ടം കൂട്ടമായി വാദ്യമേളങ്ങളൊക്കെ കൊട്ടിപ്പാടി അമ്പലത്തിലെത്തും.
പൂക്കുഴിയിറക്കൽ, തീച്ചതിയെടുക്കൽ, പൊങ്കൽ മുറിക്കൽ എന്ന് തുടങ്ങി നിരവധി ആചാരങ്ങൾ ഇവിടെയുണ്ടെങ്കിലും സേർത്താണ്ടി വേഷമാണ് ഭക്തർ കേമമായി കണക്കാക്കുന്നത്. ചായപ്പൊടികൾ മുഖത്ത് പൂശിയാണ് സേർത്താണ്ടി വേഷക്കാർ എത്തുക. തലയിൽ ഒരു മൺകലമോ കുടമോ കാണും, അതിലൊരു കുറ്റിച്ചൂലും. ചിലർ ചെരുപ്പുമാല ഇട്ടിട്ടുണ്ടാകും. ഉള്ളതിലേക്കും മോശം വസ്ത്രങ്ങളാകും ധരിക്കുക.
ക്ഷേത്രനടയിൽ വണങ്ങിയ ശേഷം വിചിത്ര വേഷക്കാർ ക്ഷേത്രത്തിന് മുന്നിലെ ചളിവെള്ളക്കെട്ടിൽ നിരന്നിരിക്കും. കന്നുകാലികൾക്കുള്ള കാടിവെള്ളവും പഴഞ്ചോറുമാണ് നിവേദ്യം. കാർമികർ ഇതൊരു പാത്രത്തിൽ കൊണ്ടുവന്ന് ചെരിപ്പും ചൂലും മുക്കി വേഷക്കാരുടെ തലയിലൊഴിക്കും. ശേഷം തലയിൽ കാലുയർത്തി തൊഴിക്കും.
ഒടുവിൽ ക്ഷേത്രക്കുളത്തിൽ പോയിക്കുളിച്ച് സേർത്താണ്ടി വേഷക്കാർ നേർച്ചക്കടം പൂർത്തിയാക്കും. ശരീരത്തിൽ ചെളി പുരട്ടുന്നത് ഉഷ്ണരോഗങ്ങളെ തടയുമെന്നും. ചൂലും ചെരുപ്പും കൊണ്ട് അടി കൊള്ളുന്നത് സഹിഷ്ണുത കൂട്ടി വഴക്കില്ലാത്ത ജീവിതം നയിക്കാൻ ഭക്തനെ പ്രാപ്തനാക്കുമെന്നുമാണ് ഗ്രാമീണ വിശ്വാസം.