മുംബൈ, ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ വാടകയ്ക്ക് വീടോ ഫ്ളാറ്റോ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുടുംബത്തിനൊപ്പമല്ലാതെ ഒറ്റയ്ക്ക് താമസിക്കാന്‍ യുവാക്കള്‍ക്ക് മുറികള്‍ കിട്ടുന്നതാണ് ഏറെ പ്രയാസമുള്ള കാര്യം. ബാച്ചിലേഴ്സിന് മുറികള്‍ കിട്ടുന്നില്ല എന്ന ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ് ഒരു ഫ്ളാറ്റ് ഉടമയുടെ റെഡ്ഡിറ്റ് പോസ്റ്റ്. തന്റെ ഫ്ളാറ്റ് അഭ്യസ്തവിദ്യനായ ഒരു ചെറുപ്പക്കാരന് വാടകയ്ക്ക് കൊടുത്ത് മൂന്ന്- നാല് മാസങ്ങള്‍ക്കുള്ളില്‍ വീടിന് വന്ന മാറ്റം കാണിക്കുന്ന ചില ചിത്രങ്ങളാണ് ഉടമ റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്.
രണ്ട് ബെഡ്റൂമുകളും അടുക്കളയും ശുചിമുറികളും അടങ്ങുന്ന ഫ്ളാറ്റിന്റെ സര്‍വത്ര ഇടങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ആണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വീടിന്റെ തറകളും ഭിത്തികളും കട്ടിലും ചുമരും തുടങ്ങി എല്ലായിടത്തും അഴുക്കാണ്. അടുക്കളയാകെ കണ്ടാല്‍ മനംപുരട്ടലുണ്ടാകുന്ന രീതിയിലാക്കിയെന്നും ജനലുകള്‍ തുറന്ന നിലയിലുള്ള ഫ്ളാറ്റില്‍ ഇപ്പോള്‍ പ്രാവുകളുടെ വിളയാട്ടമാണെന്നും ചിത്രങ്ങള്‍ തെളിവായി കാണിച്ച് ഉടമ പറയുന്നു.
നഗരങ്ങളില്‍ വീട് വാടകയ്ക്ക് കൊടുക്കുന്നതിന് മുന്‍പ് ചില ഉടമകള്‍ താമസക്കാരന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ വരെ പരിശോധിക്കാറുണ്ട്. എന്നാല്‍ ഇവിടെ താന്‍ വീട് വാടകയ്ക്ക് നല്‍കിയത് ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നല്ല വിദ്യാഭ്യാസമുള്ള ആള്‍ക്കാണെന്നും ഉടമ പറയുന്നു. 3-4 മാസം വാടക നല്കി പെട്ടെന്ന് ഒരു ദിവസം വാടകക്കാരന് താമസം അവസാനിപ്പിച്ച് പോകുകയും സെക്യൂരിറ്റി ഡെപോസിറ്റ് മടക്കി നല്കാന് ആവശ്യപ്പെടുകയുമായിരുന്നെന്നും ഇയാള്‍ പറയുന്നു. സംശയം തോന്നി ഫ്ളാറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.