മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടതും അതേസമയം തലവേദനയുണ്ടാക്കുന്നതുമായ വസ്തുവാണ് കൂർക്ക. കൂർക്ക ഇഷ്ടപ്പെടുന്നവർ പോലും അത് വാങ്ങി കറിവെയ്ക്കാൻ മടിക്കുന്നതിന് കാരണം തൊലി കളയുക എന്നതിലെ ബുദ്ധിമുട്ട് ഓർത്താണ്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കാർഷിക സർവകലാശാല. മൂന്ന് മിനിറ്റുകളിൽ ഒരു കിലോയോളം കൂർക്കയുടെ തൊലി കളയുന്ന വീടുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണത്തിന് സർവകലാശാല പേറ്റന്റ് നേടി. സർവകലാശാലയുടെ കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കൽറ്റി ഡീൻ (അഗ്രി. എഞ്ചിനീയറിംഗ്) ഡോ. ജയൻ പി ആറും കേരള കാർഷിക സർവകലാശാല റിട്ടയേർഡ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി ആർ ഗോപാലകൃഷ്ണൻ എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്
കേരളത്തിലെ പല വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ് ഈ കൂർക്ക വൃത്തിയാക്കൽ. അതിനൊരു പരിഹാരം കാണണമെന്ന ആശയത്തിൽ നിന്നാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തതെന്ന് ഡോ. ജയൻ പി ആർപറഞ്ഞു. സാധാരണക്കാരായ വീട്ടമ്മമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയുള്ള യന്ത്രം വികസിപ്പിക്കാനുള്ള ആശയം അന്ന് സർവീസിൽ ഉണ്ടായിരുന്ന ഗോപാലകൃഷ്ണൻ സാറുമായി സംസാരിച്ചതാണ് രൂപകൽപ്പന നടത്തിയത്. 2015 ലാണ് ഞങ്ങൾ ഈ യന്ത്രം വികസിപ്പിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.