സിംഗപ്പൂര്‍: ഒരു കിലോ കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി. 46കാരനായ തങ്കരാജു സുപ്പയ്യയെ ആണ് തൂക്കിലേറ്റിയത്. രാജ്യാന്തര തലത്തിലെ എതിര്‍പ്പുകളെ അവഗണിച്ചാണ് വധശിക്ഷ നടപ്പാക്കിയത്.ചാംഗി ജയില്‍ കോംപ്ലക്സിലാണ് ശിക്ഷ നടപ്പാക്കിയത്. 1017.9 ഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 2017ല്‍ തങ്കരാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 2018ല്‍ കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ തങ്കരാജുവില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നില്ല. ഫോണിലൂടെ ഇയാള്‍ മയക്കുമരുന്ന് വിതരണം ഏകോപിപ്പിച്ചെന്നാണ് കേസ്. തങ്കരാജുവിന്റെ കുടുംബം ദയാഹരജി നല്‍കുന്നതിനിടെ വീണ്ടും വിചാരണയ്ക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ തങ്കരാജുവിനെതിരായ കുറ്റം സംശയാതീതമായി തെളിഞ്ഞതാണെന്ന് സിംഗപ്പൂര്‍ ആഭ്യന്തര വകുപ്പ് അവകാശപ്പെട്ടു. അതേസമയം നിരപരാധിയെയാണ് തൂക്കിലേറ്റിയതെന്നാണ് ഉയരുന്ന വിമര്‍ശനം. വധശിക്ഷ പുനഃപരിശോധിക്കണമെന്ന യുഎന്‍ മനുഷ്യാവകാശ ഓഫീസിന്റെ അഭ്യര്‍ത്ഥന ഉള്‍പ്പെടെ അവഗണിച്ചാണ് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കേസുകളില്‍ സിംഗപ്പൂരിലെ നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ വധശിക്ഷയോട് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വിയോജിച്ചു. കുറ്റകൃത്യങ്ങളെ തടയുമെന്ന മിഥ്യാധാരണ കാരണമാണ് കുറച്ച് രാജ്യങ്ങള്‍ വധശിക്ഷ തുടരുന്നതെന്ന് യുഎന്‍ ഹൈകമ്മീഷണര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് പ്രതികരിച്ചു.രണ്ട് വര്‍ഷത്തിലേറെ ഇടവേളയ്ക്ക് ശേഷം 2022 മാര്‍ച്ചിലാണ് സിംഗപ്പൂര്‍ വധശിക്ഷ പുനരാരംഭിച്ചത്. ആറ് മാസത്തിനിടയിലെ ആദ്യത്തെ വധശിക്ഷയാണിത്. ഒരു വര്‍ഷത്തിനിടയിലെ പന്ത്രണ്ടാമത്തെയും.