പൊലീസ് സ്റ്റേഷനിൽ എത്തിയവരോട് പരാക്രമം കാണിച്ച ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിന് സസ്പെൻഷൻ. മകനെ ജാമ്യത്തിലെടുക്കാൻ എത്തിയ മാതാവിനെയും ബന്ധുവിനെയും അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും, കർശന നടപടിയുണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ വ്യക്തമാക്കി.
സ്റ്റേഷനിൽ എത്തിയവർക്കെതിരെ അഴിഞ്ഞാടിയ ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിന് ഇനി തൽക്കാലം വീട്ടിലിരിക്കാം. വയോധികയെയും മക്കളെയും മർദ്ദിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
കെ.വി സ്മിതേഷിന്റേത് മോശം പെരുമാറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ഉദ്യോഗസ്ഥൻ മദ്യ ലഹരിയിലായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ മർദ്ദിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്.
പ്രകോപനമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതെന്നും തനിക്കെതിരെയുള്ള കേസിനെക്കുറിച്ച് ഇപ്പാഴും വ്യക്തതയില്ലെന്നും പൊലീസ് കസ്റ്റഡിയിൽ മർദ്ദനത്തിനിരയായ സുനിൽകുമാർ പറയുന്നു. പൊലീസുകാരനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അതിക്രമത്തിനിരയായവർ പരാതി നൽകിയിട്ടുണ്ട്.