മാമുക്കോയയുടെ മരണാന്തര ചടങ്ങുകളില്‍ താരങ്ങളിൽ പലരും പങ്കെടുത്തില്ലെന്ന വിവാദത്തിൽ മാമുക്കോയയുടെ മകൻ സ്വീകരിച്ച നിലപാട് സംസ്കാര സമ്പന്നമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആരൊക്കെ ചടങ്ങിന് വരണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മരണം ഉണ്ടാവുമ്പോൾ വരണമോ എന്നത് അവരവർ തീരുമാനിക്കേണ്ട കാര്യമാണെന്നും മാമുക്കോയ തികഞ്ഞ മതേതര വാദിയായ നടനാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
താരങ്ങളിൽ പലരും മരണാന്തര ചടങ്ങുകളില്‍ വരാത്തതില്‍ പരാതിയില്ലെന്നായിരുന്നു മാമുക്കോയയുടെ മക്കളുടെ പ്രതികരണം. ” ഇപ്പോൾ വിദേശത്തുള്ള മോഹന്‍ലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ച് വരാൻ കഴിയാത്ത സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപ് ഉൾപ്പടെയുള്ള താരങ്ങളും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഷൂട്ടും മറ്റ് പ്രധാന പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല.
ഉപ്പാക്ക് ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല. അന്ന് വാപ്പയും ആ ചടങ്ങിന് വന്നിട്ടില്ല. ഒരു കള്ളം പോലും പറയാത്ത ആളാണ് ഉപ്പ. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നതെന്ന് നമുക്ക് അറിയാം. അനാവശ്യ ചർച്ചകള്‍ അവസാനിപ്പിക്കണം”. ഇത്തരത്തിലായിരുന്നു മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറിന്റെയും അബ്ദുൽ റഷീദിന്റെയും പ്രതികരണം.