സ്കൂൾ അഡ്മിഷന്റെ കാലമാണ് ഏപ്രിൽ-മെയ്. അതുകൊണ്ട് തന്നെ വിവിധ സ്കൂളുകൾ അഡ്മിഷൻ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളും ഇറക്കുന്നുണ്ട്. അതിനിടെ ചില സ്കൂളുകൾ ഇറക്കിയ സിനിമാ സ്റ്റൈൽ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്
ചന്തുവിനെ പലകുറി തോൽപ്പിച്ചു, പക്ഷേ ചന്തുവിന്റെ മകനെ തോൽപ്പിക്കാനാകില്ല, കാരണം അവൻ പഠിക്കുന്നത് ഒളവണ്ണ എഎൽപി സ്കൂളിൽ’ – എന്നതായിരുന്നു ഒളവണ്ണ സർക്കാർ സ്കൂളിന്റെ പരസ്യം. സ്കൂളിന്റെ തന്നെ സൈബർ ടീമാണ് പരസ്യത്തിന് പിന്നിൽ. ആശയം ആദ്യം പറയുന്നത് സ്കൂൾ ഡെപ്യൂട്ടി എച്ച്എമ്മായ സമീർ മാഷാണ്. ചന്തുവിനെ വച്ച് കണ്ടന്റ് എഴുതുന്നത് രാകേഷ് മാഷായിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്തത് സ്കീളിലെ അധ്യാപകനായ ലിനോജാണ്. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടതോടെ ഇത് ചർച്ചയായി.
സ്കൂളുകൾ തമ്മിൽ അനാരോഗ്യകരമായ മത്സരം നടക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ആരോപണം. എന്നാൽ അഡ്മിഷൻ ആകർഷിക്കുകയായിരുന്നില്ല പോസ്റ്ററിന്റെ ലക്ഷ്യമെന്നും ട്രെൻഡിനൊപ്പം ഭാഗമായതാണ് തങ്ങളെന്നും ഒളവണ്ണ സ്കൂൾ എച്ച്.എം രഞ്ജിത്ത്
പറഞ്ഞു. വർഷങ്ങളായി സബ് ജില്ലയിൽ മുന്നിൽ നിൽക്കുന്ന സ്കൂളാണ് തങ്ങളുടേതെന്നും, സബ് ജില്ലാ കലോത്സവത്തിൽ ഒളവണ്ണ സ്കൂൾ തന്നെയാണ് മുന്നിലെന്നും എച്ച്.എം പറയുന്നു. വിദ്യാഭ്യാസ കാര്യത്തിലാണെങ്കിലും മറ്റ് കലാ-കായിക രംഗങ്ങളിലാണെങ്കിലും തങ്ങളുടെ കുട്ടികൾ തന്നെയാണ് മുന്നിലെന്നും വിമർശനങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ട്രെൻഡിനൊപ്പം ആദ്യം എത്തിയത് മുതിരപ്പുഴ ജിഎസ്പിഎസ് സ്കൂളായിരുന്നു. ‘മുതിരപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പോലെ സൗജന്യവും മികച്ചതുമായ സ്കൂൾ ഉണ്ടായിരുന്നുവെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനെ’ എന്നായിരുന്നു അഡ്മിഷൻ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം. ഈ പരസ്യം സോഷ്യൽ മീഡിയയിൽ ഹിറ്റായി.
ഇതിന് പിന്നാലെ ട്രെൻഡ് ഏറ്റെടുത്തത് ജിഎച്ച്എസ്എസ് തരിയോടാണ്. ‘ പഠിക്കണമെന്ന മോഹവുമായി ചെന്നു കേറിയത് തരിയോട് സർക്കാർ സ്ക്കൂളിലേക്കായിരുന്നു. അഡ്മിഷൺ ഫോം എടുത്തു തന്നിട്ട് പറഞ്ഞു പൂരിപ്പിക്കാൻ, പക്ഷെ ഓട്ടകീശയിൽ എവിടുന്നാ പി.ടി.എ ഫണ്ട് കൊടുക്കാനുള്ള കാശ് – അപ്പോൾ ഞാൻ കേട്ടു ഒരു അശരീരി – ”ഇതൊരു സർക്കാർ സ്കൂളാണ് മോനെ ദിനേശാ! അത്യാവശ്യമുളള പിരിവുകൾ അല്ലാതെ മറ്റു ചില സ്കൂളുകളെ പോലെ കൊള്ളയടി ഇവിടെയില്ല. പിന്നെ ഒന്നും നോക്കിയില്ല – വടിവുള്ള അക്ഷരങ്ങളിൽ എഴുതി ഫോം പൂരിപ്പിച്ച് കൊടുത്തു. ഇന്ന് കണ്ടോ … ഞാൻ എന്ന വ്യക്തിയെ മാറ്റി മറിച്ചത് ഈ കലാലയമാണ് ‘- ഇങ്ങനെയാണ് പരസ്യം. ഏറ്റവും ഒടുവിൽ ട്രെൻഡ് ഏറ്റെടുത്ത ഒളവണ്ണ എഎൽപി സ്കൂളാണ് പക്ഷേ വിവാദത്തിലായത്.