രാജ്യമെമ്പാടും ഇന്ന് ഹനുമാൻ ജയന്തി ആഘോഷിക്കുകയാണ്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ആരാധകർക്കായി ഉണ്ണിമുകുന്ദൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇന്ന് ഹനുമാൻ ജയന്തി എല്ലാവർക്കും ആശംസകൾ.
ഹനുമാൻ ജയന്തി ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസ അറിയിച്ചിരിക്കുന്നത്. ‘ഹനുമാൻ ജയന്തി ആശംസകൾ, ജയ് ശ്രീറാം‘ എന്ന് ചിത്രത്തിന് തലക്കെട്ടായി കുറിച്ചിരിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് രാമനവമി ആശംസകളും താരം നേർന്നിരുന്നു. ഈ പോസ്റ്റും വൈറലായിരുന്നു. ശ്രീരാമന്റെ ചിത്രം പങ്കുവെച്ചായിരുന്നു ഉണ്ണിയുടെ ആശംസ.
അതേസമയം ഇന്ന് നടക്കുന്ന ഹനുമാൻ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം ഉണ്ട്. ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. രാമനവമി ആഘോഷത്തോടനുബന്ധിച്ചുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം.
കഴിഞ്ഞ ആഴ്ച രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലും ബിഹാറിലും മഹാരാഷ്ട്രയിലും നടന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.
രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും വലിയ സംഘർഷമാണ് ഉണ്ടായത്. ബിഹാറിൽ ഇതുവരെ എഴുപതോളം പേരെ അറസ്റ്റ് ചെയ്തു.രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങൾ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.