എയര്‍ ഇന്ത്യ വിമാന ജീവനക്കാരുടെ അശ്രദ്ധ മൂലം വളര്‍ത്തുപൂച്ചയെ നഷ്ടമായെന്ന് പരാതി. ഗ്രാഫിക് ഡിസൈനറായ സോണി എസ് സോമര്‍ ആണ്, തന്റെ സുഹൃത്തിന് വളര്‍ത്തുപൂച്ചയെ നഷ്ടമായെന്ന പരാതി ഉന്നയിച്ച് എയര്‍ ഇന്ത്യക്ക് മെയില്‍ അയച്ചത്. പൂച്ചയെ കാണാതായതിന്റെ ഉത്തരവാദിത്തം എയര്‍ ഇന്ത്യ ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി അയച്ച മെയിലുകളും സോണി ട്വിറ്ററില്‍ പങ്കുവച്ചു.
ഏപ്രില്‍ 24 ന് സോണിയുടെ സുഹൃത്തായ യുവതി രണ്ട് വളര്‍ത്തു പൂച്ചക്കുട്ടികളുമായി ഡല്‍ഹിയില്‍ നിന്ന് ഇംഫാലിലേക്കെത്തി. രാവിലെ 9.55നുള്ള ഫ്ളൈറ്റിനായി രാവിലെ 6.30ഓടെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ചെക്ക്ഇന്‍ സമയത്ത്, പൂച്ചക്കുട്ടികളെ യാത്രയില്‍ ഒപ്പം കൊണ്ടുപോകണമെങ്കില്‍ ബിസിനസ് ക്ലാസിലേക്ക് മാറുകയോ ഫ്ളൈറ്റ് റിഷെഡ്യൂള്‍ ചെയ്യുകയോ വേണമെന്ന് ജീവനക്കാര്‍ യുവതിയോട് ആവശ്യപ്പെട്ടു.
ഫ്ളൈറ്റ് റിഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന് അപ്പോള്‍ ലഭ്യമായിരുന്നില്ല. പൂച്ചക്കുട്ടികളെ കാര്‍ഗോയിലേക്ക് മാറ്റാനും അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യുവതി മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. നടപടിക്രമങ്ങള്‍ക്കായി കാത്തിരിക്കണമെന്ന് യുവതിയെ ജീവനക്കാര്‍ അറിയിച്ചു. 7. 30 വരെ കാത്തിരുന്നപ്പോഴാണ് ബിസിനസ് ക്ലാസ് ലഭ്യമല്ലെന്നും കാര്‍ഗോ മാത്രമാണ് പൂച്ചയെ കൊണ്ടുപോകാന്‍ ഏക വഴിയെന്നും ജീവനക്കാര്‍ യാത്രക്കാരിയെ അറിയിച്ചത്. മനസില്ലാ മനസോടെ യുവതി സമ്മതിക്കുകയും ചെയ്തു. എന്നാല്‍ താന്‍ കൂട്ടില്‍ സുരക്ഷിതമായി വച്ച പൂച്ചക്കുട്ടികളിലൊന്നിനെ കാണാതായതായി യുവതി തിരിച്ചറിഞ്ഞു.
എയര്‍ ഇന്ത്യ ജീവനക്കാരുടെ അശ്രദ്ധ കാരണം തന്റെ സുഹൃത്തിന്റെ പൂച്ചക്കുട്ടിയെ കാണാതായെന്നും ഈ അശ്രദ്ധ പൊറുക്കാനാവാത്തതാണെന്നും യുവതിയുടെ സുഹൃത്ത് ട്വീറ്റ് ചെയ്തു. യുവതിയും പൂച്ചക്കുട്ടികളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.