യുകെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലെ അന്വേഷണത്തെ തുടർന്നാണ് രാജിവച്ചത്. ജസ്റ്റിസ് സെക്രട്ടറി കൂടിയായ റാബ് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായും ബ്രെക്സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സമയത്ത് സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ പുറത്തുവന്നിരുന്നു. ഇതിന്മേൽ നടന്ന സ്വതന്ത്ര അന്വേഷണത്തിലാണ് റാബ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്
എന്നാൽ പരാതികളിലെ ആരോപണങ്ങൾ നിഷേധിച്ച ഡൊമിനിക് റാബ് താൻ പ്രൊഫഷണലായാണ് എല്ലായിപ്പോഴും പെരുമാറിയതെന്നും അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയെന്ന് തെളിഞ്ഞാൽ രാജിവയ്ക്കുമെന്നും പറഞ്ഞിരുന്നു.
ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനവും ജസ്റ്റിസ് സെക്രട്ടറി സ്ഥാനവും റാബ് രാജിവച്ചു. ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ നിഷേധിച്ച റാബ്, താൻ നാലര വർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ ഒരിക്കൽ പോലും ആരോടും ശകാരിക്കുകയോ ആക്രോശിക്കുകയോ ചെയ്തിട്ടില്ലെന്നും മനഃപൂർവം ആരെയും ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ലെന്നും രാജിക്കത്തിൽ പറഞ്ഞു