കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെയും സ്പോർട്ടിങ് ഡയക്ടറിനെയും വിമർശിച്ച് മുൻ സഹപരിശീലകൻ സ്റ്റീഫൻ വാൻ ഡെർ ഹെയ്ഡൻ രംഗത്ത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയപ്പോൾ ലഭിക്കേണ്ട ബോണസ് ശമ്പളം ഇതുവരെ മാനേജ്മെന്റിൽ നിന്നും ലഭിച്ചിട്ടില്ല എന്ന ആരോപണമാണ് സ്റ്റീഫൻ ഹെയ്ഡൻ ട്വിറ്ററിലൂടെ ഉയർത്തിയത്. ആദ്യ ശമ്പളം ലഭിച്ചത് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ഫൈനലിന് രണ്ടു ദിവസം മുൻപ് മാത്രമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടർന്ന് സ്പോർട്സ്കീഡക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മാനേജ്മെന്റിനെതിരെയും സ്പോർട്ടിങ് ഡയറക്ടർക്ക് എതിരെയും കൂടുതൽ ആരോപണങ്ങൾ ഉയർത്തിയത്.
2021-22 ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് സഹപരിശീലകൻ വാൻ കെറ്റ്സ് ക്യാമ്പ് വിട്ടതിനെത്തുടർന്നാണ് സ്റ്റീഫൻ ഹെയ്ഡൻ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കൊവിഡ് ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയ ആ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ആ സീസണിൽ ജനുവരിയിൽ ഭാര്യക്ക് അസുഖം ബാധിച്ചതോടെ ബെൽജിയത്തിലേക്ക് അവരെ തിരികെ അയക്കുവാൻ കോച്ച് തീരുമാനിച്ചു. എന്നാൽ, അവരുടെ വിസകൾ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ പരിശീലകന്റെ ഭാര്യയെ രണ്ടു ദിവസം മുംബൈയിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയുണ്ടായി എന്ന കോച്ച് വ്യക്തമാക്കി.
2022 ഫെബ്രുവരി 28 വരെയാണ് പരിശീലകനുമായി ക്ലബ്ബിന്റെ കരാർ. എങ്കിലും, ടീം പ്ലേഓഫിലേക്കും തുടർന്ന് ഫൈനലിലേക്കും മുന്നേറിയാൽ കാലാവധി നീളുന്ന ഉപാധി കരാറിലുണ്ടായിരുന്നു. നവംബറിൽ തീരുമാനിച്ച ശമ്പളം മാസങ്ങളോളം നൽകാതിരുന്നതിനാൽ ഭാര്യയോടൊപ്പം ജനുവരിയിൽ ബെൽജിയത്തിലേക്ക് തിരികെ പോകാൻ തീരുമാനമെടുത്തിരുന്നതായി അദ്ദേഹം അറിയിച്ചു. ക്ലബ്ബിലെ കളിക്കാരുടെ കഠിനാധ്വാനം കണ്ടതിനാൽ മാത്രമാണ് ആ നീക്കം മാറ്റിവെച്ചത്. മാർച്ചിൽ മറ്റുള്ള സ്റ്റാഫുകൾക്ക് ഫെബ്രുവരി വരെയുള്ള ശമ്പളം ലഭിച്ചപ്പോൾ തനിക്ക് ലഭിച്ചത് ജനുവരി വരെയുള്ളത് മാത്രമെന്നെനും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ ബാക്കിയുള്ള ശമ്പളം ലഭിച്ചെങ്കിലും പ്ലേ ഓഫിന്റെയും ഫൈനലിന്റെയും ബോണസ് തുക അതിൽ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്ങ്കിസുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന്, സമൂഹ മാധ്യമങ്ങളിലെ സാധ്യമായ എല്ലാ വഴികൾ ഉപയോഗിച്ചും ക്ലബ് ഉടമ നിഖിൽ ഭരദ്വാജിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇനി ശമ്പള കുടിശ്ശികയില്ലെന്ന് ഒപ്പിട്ടു നല്കുന്നതിനായി ഒരു കത്ത് കരോലിസ് അയച്ചു തന്നെന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒപ്പിട്ട നൽകിയില്ല, പകരം വിഷയത്തിൽ ഫിഫക്ക് പരാതി നൽകി.
പരാതി നൽകിയ ദിവസം തന്നെ തനിക്ക് ലഭിക്കാനുണ്ടായിരുന്ന ബോണസ് ശമ്പളത്തിന്റെ ഒരു വിഹിതം ക്ലബ് അയച്ചു തന്നു എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്, അദ്ദേഹം പരാതി പിൻവലിച്ചെങ്കിലും ബോംന്സ് തുകയുടെ ബാക്കി ഇനിയും അദ്ദേഹത്തിന് ലഭിക്കാൻ ഉണ്ടെന്നും വ്യക്തമാക്കി.