കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെയാണ് പ്രതികരണം. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാന്‍ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു.
ഹനുമാന്‍ഗാദ്ധി ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാർത്ഥന നടത്തണം. അവിടെയെത്തി തങ്ങളുടെ ആശ്രമത്തിൽ താമസിക്കുകയാണെങ്കിൽ തങ്ങൾക്ക് സന്തോഷമായിരിക്കുമെന്നും പൂജാരി സഞ്ജയ് ദാസ് പറഞ്ഞു. 2016ൽ രാഹുൽ ഗാന്ധി ഹനുമാന്‍ഗാദ്ധി ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രക്കിടയിൽ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്രദാസിൽ നിന്ന് രാഹുൽ ഗാന്ധി അനുഗ്രഹം വാങ്ങിയിരുന്നു. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നടത്തുന്ന ഈ യാത്ര വിജയിക്കട്ടെയെന്നും പൂജാരി ആശംസിച്ചിരുന്നു.