കുവൈത്ത് സിറ്റി: കുവൈത്തില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. ഖൈത്താനിലെ ഒരു വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സിലിണ്ടറില്‍ നിന്ന് പാചക വാതകം ചോര്‍ന്നതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വീടിന്റെ ഒന്നാം നിലയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസരിച്ച് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്ന് അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടിയന്തര ശുശ്രൂഷ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.