കാലിഫോര്‍ണിയ: ഒരുകാലത്ത് ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്കുന്ന കമ്പനിയായിരുന്നു ഗൂഗിള്‍. ഇടവേളയില്‍ നല്കുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിനു ശേഷം ഇപ്പോള്‍ വീണ്ടും കമ്പനി ചെലവ് ചുരുക്കാനൊരുങ്ങുകയാണ്. സൗജന്യ ഓഫീസ് ലഘുഭക്ഷണങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിള്‍ ദൈനംദിന ചെലവുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നത്.
ഉണക്ക മാമ്പഴം, മഫിന്‍സ്, ഒനിയന്‍ റിംഗ്സ് എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്. ”അവര്‍ ഉണങ്ങിയ മാമ്പഴം കൊണ്ടുപോയി” കമ്പനിയുടെ സാന്‍ ഫ്രാന്‍സിസ്കോ ഓഫീസില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന ഒരു ഗൂഗിള്‍ ജീവനക്കാരന് അറ്റ്ലാന്റിക്കിനോട് പറഞ്ഞു. ലഘുഭക്ഷണങ്ങള്‍ സാന്‍ ഫ്രാന്‍സിസ്കോ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായതായും അദ്ദേഹം വെളിപ്പെടുത്തി. ചില ‘ഭക്ഷണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയിരിക്കാം’ ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.