ഭൂമിയുടെ വ്യാജ പ്രമാണം പണയംവെച്ച് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തയാള്‍ പൊലീസ് പിടിയില്‍. എടപ്പറ്റ സ്വദേശി മുഹമ്മദലിയെ ആണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വ്യാജ രേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽ നിന്നും വ്യക്തിയിൽ നിന്നുമാണ് പ്രതി പണം തട്ടിയത്.
മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ യഥാര്‍ഥ പ്രമാണം പണയം വെച്ച് പാണ്ടിക്കാട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് പ്രതി 23,90,000 രൂപ കൈപറ്റിയിരുന്നു. എന്നാല്‍ ഇത് നിലനില്‍ക്കെ ഇതേ ഭൂമിയുടെ വ്യാജ പ്രമാണം പണയം വെച്ച് പെരിന്തല്‍മണ്ണയിലെ ഒരു ബാങ്കില്‍നിന്ന് 20 ലക്ഷം, ഉച്ചാരക്കടവ് എം.ഡി.സി ബാങ്കില്‍നിന്ന് 40 ലക്ഷം, എടപ്പറ്റയിലെ ഒരു ബാങ്കില്‍നിന്ന് 35 ലക്ഷം, നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി ബലറാമില്‍നിന്ന് 35 ലക്ഷവും മുഹമ്മദലി തട്ടിയതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇങ്ങനെ 1.30 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
എടപ്പറ്റ ഏപ്പികാട് കുണ്ടന്‍ ചോല സ്വദേശി പാറമ്മല്‍ മുഹമ്മദലിക്കെതിരെ എം.ഡി.സി ബാങ്ക് മാനേജറും, പൂക്കോട്ടുംപാടം സ്വദേശി ബലറാമും പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് മേലാറ്റൂര്‍ സി.ഐ പറഞ്ഞു.