പാലക്കാട് മാങ്കാവിൽ ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിർമ്മിച്ച പീഠം തകർത്ത് പൊലീസുകാരന്റെ അതിക്രമം. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രിയിലെത്തി കമ്പിപ്പാര ഉപയോഗിച്ച് ക്ഷേത്രത്തിലെ പീഠം തകർത്തത്. ക്ഷേത്രത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.
ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് ദിനേശനെതിരെ കേസെടുത്തു. ക്ഷേത്ര പുനപ്രതിഷ്ടയുടെ ഭാഗമായി നിർമ്മിച്ച പീഠമാണ് കഴിഞ്ഞദിവസം രാത്രിയിൽ കൊഴിഞ്ഞാമ്പാറ എസ്ഐയുടെ നേതൃത്വത്തിലെത്തി തകർത്തത്. രാവിലെ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ പീഠം കമ്പികൊണ്ടും മറ്റും തകർത്ത നിലയിലായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നാണ് അതിക്രമം നടത്തിയത് പ്രദേശവാസി തന്നെയായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് മനസിലായത്. ക്ഷേത്രം കമ്മfറ്റി ദൃശ്യങ്ങൾ സഹിതം പാലക്കാട് നോർത്ത് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാർച്ച് 9നും ക്ഷേത്രത്തിൽ ആചാരപ്രകാരം സ്ഥാപിച്ച തറികൾ ഉൾപ്പെടെ തകർക്കപ്പെട്ടിരുന്നു. തുടർന്ന് അന്ന് പൊലീസിൽ പരാതി നൽകുകയും, എ.എസ്.പിയുടെ ഉറപ്പിൻ വീണ്ടും നിർമ്മാണപ്രവർത്തികൾ നടത്തുകയുമായിരുന്നു. സംഭവത്തിൽ തക്കതായ നടപടി സ്വീകരിക്കണമെന്നാണ് ക്ഷേത്ര കമ്മറ്റി ആവശ്യപ്പെടുന്നത്.
അമ്പലത്തിലെ താത്കാലിക പീഠം ഇരിക്കുന്ന സ്ഥലം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് പൊലീസുകാരനെ പീഠം പൊളിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് ക്ഷേത്രം കമ്മറ്റി നൽകിയ പരാതിയിൽ പറയുന്നത്.