പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങളെടുത്ത് ഇറങ്ങുന്നതിനെ തുടർന്ന് ആർസി ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തിട്ടും ഈ പ്രവണതയ്ക്ക് പരിഹാരമില്ല. രക്ഷിതാക്കളുടെ അനാസ്ഥയാണ് കുട്ടികളുടെ ഡ്രൈവിങ്ങിന് കാരണമാകുന്നതെന്നാണ് പോലീസ് പറയുന്നത്.
ഉച്ചയോടെ തളിപ്പറമ്പ് കോട്ടക്കുന്നിൽ ട്രാഫിക്ക് എസ് ഐ രഘുനാഥന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 14 കാരനായ കാപാലികുളങ്ങര സ്വദേശിയെ പിടികൂടി. ബൈക്ക് സഹിതം കുട്ടിയെ സ്റ്റേഷനിൽ എത്തിച്ച പോലീസ് രക്ഷിതാവിനെതിരെ കേസെടുക്കാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ തന്നെ 17 കാരൻ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ ആർസി ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കപ്പാലത്തെ പൂമംഗലത്ത് പുതിയ പുരയിൽ മദനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടി ഡ്രൈവർമാർ വാഹനവും എടുത്ത് കറങ്ങുന്നത് തളിപ്പറമ്പ് നഗരത്തിൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവരെ പിടികൂടാൻ പോലീസും സജീവമായുണ്ട്. ഇങ്ങനെ പിടികൂടിയവരുടെ രക്ഷിതാക്കളിൽ നിന്നും ലക്ഷം രൂപ വരെ പിടികൂടിയിട്ടും പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി പറഞ്ഞു വിടുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ഗതാഗത നിയമങ്ങൾ ഒന്നുമറിയാത്ത കുട്ടി ഡ്രൈവർമാർ തോന്നിയ പോലെ വാഹനങ്ങളോടിക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് എതിരെ വരുന്ന നിരപരാധികളായ വാഹന - കാൽനട യാത്രികരാണ്. ഇത്തരത്തിൽ തളിപ്പറമ്പിലെ യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫലത്തിൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ആഡംബര വാഹനങ്ങൾ വാങ്ങി നൽകി അവരെ റോഡിലേക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളാണ് മറ്റുള്ളവരെ അപകടത്തിൽ പെടുത്തുന്നതിന്റെ യഥാർത്ഥ ഉത്തരവാദികൾ. ഒരർത്ഥത്തിൽ പറഞ്ഞാൽ അത്തരം രക്ഷിതാക്കൾ ചെയ്യുന്നത് വലിയ സാമൂഹ്യദ്രോഹമാണ്. ഇത്തരക്കാരെ നേരിടാൻ നിയമത്തിനൊപ്പം പൊതുസമൂഹവും രംഗത്തിറങ്ങേണ്ടുന്ന സ്ഥിതിയാണ്.