കർണാടക ബാഗെപ്പള്ളി മണ്ഡലത്തിൽ സിപിഎമ്മിനെ പിന്തുണച്ച് ജെഡിഎസ്. സ്ഥാനാർത്ഥിയെ പിൻവലിച്ച ജെഡിഎസ്, സിപിഎം സ്ഥാനാർത്ഥിയായ ഡോ. അനിൽകുമാറിനെ പിന്തുണയ്ക്കും. പത്രികാ സമർപ്പണത്തിനായി അഞ്ചു ദിവസം മാത്രം ശേഷിയ്ക്കുമ്പോഴും പ്രധാനപാർട്ടികൾ അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടിട്ടില്ല.
തെരഞ്ഞെടുപ്പിനു മുൻപു തന്നെ ജെഡിഎസ് – സിപിഎം സഖ്യ സാധ്യതകൾ സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ സഖ്യമായി മുമ്പോട്ടുപോകാനുള്ള തീരുമാനം ഉണ്ടായില്ല. അഞ്ച് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിയ്ക്കുന്നത്. പ്രചാരണം മുന്നോട്ടു പോകുന്നതിനിടെയാണ് ബാഗെപ്പള്ളിയിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിൻവലിച്ചത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ നിലപാടുകൾ പാർട്ടി പ്രഖ്യാപിച്ചിട്ടുമില്ല. മത്സരിയ്ക്കുന്ന അഞ്ച് മണ്ഡലങ്ങൾ ഒഴികെ ബാക്കിയുള്ളവയിൽ സമാനചിന്താഗതിക്കാരെ സഹായിക്കാമെന്നതായിരുന്നു സിപിഎം നിലപാട്.
ബിജെപിയും കോൺഗ്രസും ജെഡിഎസും അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയ്ക്ക് 12 ഉം കോൺഗ്രസിന് 58 ഇടങ്ങളിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിയ്ക്കേണ്ടത്. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സവദി അത്താനിയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബിജെപി വിട്ടെത്തുന്നവരെ കൂടി ഉൾപ്പെടുത്താനാണ് കോൺഗ്രസ് പട്ടിക വൈകിപ്പിക്കുന്നത്. സിദ്ധരാമയ്യ – ഡി കെ ശിവകുമാർ തർക്കങ്ങളും കോൺഗ്രസ് പട്ടിക വൈകാൻ കാരണമാകുന്നുണ്ട്.
മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, കെ എസ് ഈശ്വരപ്പ എന്നിവരെ സമവായപ്പെടുത്തിയാകും ബിജെപിയുടെ അവസാന പട്ടിക. സവദി പാർട്ടി വിട്ട സാഹചര്യം കൂടി കേന്ദ്ര നേതൃത്വത്തിന്റെ മുൻപിലുണ്ട്. ആയിരക്കണക്കിന് പ്രവർത്തകരും അഞ്ച് എംഎൽഎമാരും ഇതിനകം തന്നെ ബിജെപി വിട്ടിട്ടുണ്ട്.