ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്.
ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം ശേഖരിച്ചു വില്പന നടത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളിൽ നിന്ന് 18 കുപ്പി വിദേശ മദ്യവും പണവും കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
അനധികൃത മദ്യ വില്പനയറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇയാൾ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ 18 കുപ്പി വിദേശ മദ്യവും പണവും ഉൾപ്പടെയാണ് രതീഷിനെ പൊലീസ് പിടികൂടിയത്.