ദില്ലി: ദില്ലിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങൾ പുറത്ത്. മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് വൃദ്ധ ദമ്പതികൾ കണ്ടെത്തിയതും ഫോൺ പിടിച്ചുവാങ്ങിയതുമാണ് കൊലപാതകത്തിന് പെട്ടെന്നുള്ള കാരണം. നേരത്തെ സ്വത്തുതർക്കമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. അറസ്റ്റിലായ മോണിക്കയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. ഭർത്താവിന്റെ മാതാപിതാക്കൾ ഫോണ്‍ പിടിച്ചുവച്ചെങ്കിലും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. ഇരുവരെയും ഒഴിവാക്കാന്‍ മോണിക്കയും കാമുകൻ ആശിഷും തീരുമാനിച്ചതോടെയാണ് കൊലപാതകം.
ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകൾ മോണിക്ക(30)യെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിനു മുൻപ് ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. വിവാഹം കഴിഞ്ഞതോടെ ജോലി വിടുകയും ഭർത്താവിനൊപ്പം താമസിക്കുകയും ചെയ്തു. എന്നാൽ ലോക്ക്ഡൗൺ കാലത്ത് സോഷ്യൽമീഡിയയിൽ സജീവമായി. 2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. ചാറ്റിലൂടെ ഇരുവരും കൂടുതൽ അടുത്തു. പീന്നീട് സെക്സ് ചാറ്റുകളിലേക്ക് വഴിമാറി. 2021 വാലന്റൈൻസ് ദിനത്തിൽ ഇരുവരും ഒരു ഹോട്ടലിൽ കണ്ടു.
ഗാസിയാബാദിലെ ഹോട്ടലുകളിലായിരുന്നു കൂടിക്കാഴ്ച. മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം അറിഞ്ഞതോടെ ആശിഷിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു. ഇതിനിടെ സെക്സ് ചാറ്റുകൾ മോണിക്കയുടെ ഭർത്താവ് രവി കണ്ടതോടെ പ്രശ്നം സങ്കീർണമായി. പിന്നീടാണ് മോണിക്കയെ ഭർതൃപിതാവും മാതാവും നിരീക്ഷിക്കാൻ തുടങ്ങിയത്. കൊലപാതകത്തിൽ പശ്ചാത്താപമില്ലെന്ന് മോണിക്ക പൊലീസിനോട് പറഞ്ഞു. താമസിക്കുന്ന ഗോകൽപുരിയിലെ വീടു വിറ്റ് ദ്വാരകയിലേക്ക് മാറാനുള്ള ഭർതൃമാതാപിതാക്കളുടെ നീക്കമാണ് കൊലപാതകം വേഗത്തിലാക്കാൻ പ്രേരിപ്പിച്ചതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു. ഫെബ്രുവരി 20ന് നടന്ന കൂടിക്കാഴ്ചയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.