മെക്സിക്കോ സിറ്റി: ആകാശത്ത് പറക്കുന്നതിനിടെ തീപിടിച്ച ഹോട്ട് എയര്‍ ബലൂണില്‍ നിന്ന് താഴേക്ക് ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 45 മൈൽ അകലെയുള്ള പ്രസിദ്ധമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്ന്. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
ബലൂണ്‍ താഴേക്ക് പതിച്ചപ്പോള്‍ കുട്ടിയുടെ വലത് തുടയെല്ലിനും പരിക്കേറ്റുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂണില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നോ എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ബലൂണിന് തീപ്പിടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെക്സിക്കോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അപകടമുണ്ടായ തിയോതിഹുവാക്കന്‍. ടൂറിസ്റ്റുകള്‍ക്കായി ആകാശ ബലൂണ്‍ സര്‍വ്വീസ് നടത്തുന്നതില്‍ പ്രധാന കേന്ദ്രമാണ് തിയോതിഹുവാക്കന്‍. പ്രദേശത്ത് കാലാവസ്ഥ വ്യതിയാനമൊന്നും ഉണ്ടാകാതിരുന്നിട്ടും ബലൂണിന് തീപിടിച്ചതിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.