ദേശീയ വനിതാ ചെസ് ടൂർണമെൻ്റിൽ വിജയിക്കാൻ ബുർഖ ധരിച്ചെത്തിയ പുരുഷ താരം അറസ്റ്റിൽ. കെനിയയിലാണ് സംഭവം. 25കാരനായ സ്റ്റാൻലി ഒമോണ്ടി എന്നയാളാണ് വേഷം മാറി ടൂർണമെൻ്റിൽ മത്സരിക്കാനെത്തിയത്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ബുർഖയും കണ്ണടയും ധരിച്ചെത്തിയ സ്റ്റാൻലി, മില്ലിസൻ്റ് അവോർ എന്ന പേരിൽ രജിസ്റ്റർ ചെയ്ത് മത്സരിക്കുകയായിരുന്നു. എന്നാൽ, ഇയാൾ തുടരെ മത്സരങ്ങൾ വിജയിക്കുന്നത് കണ്ട് സംഘാടകർക്ക് സംശയം തോന്നിയതോടെ സ്റ്റാൻലി പിടിയിലാവുകയായിരുന്നു.
നാലാം റൗണ്ട് കഴിഞ്ഞപ്പോഴാണ് സംഘാടകർ ഇടപെട്ടത്. ഇയാളെ രഹസ്യമായി ഒരു മുറിയിലേക്ക് കൊണ്ടുപോയി തട്ടിപ്പ് പൊളിക്കുകയായിരുന്നു. താൻ ഒരു സർവകലാശാല വിദ്യാർത്ഥിയാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് ആയതിനാലാണ് ഇങ്ങനെ ഒരു സാഹസം കാണിച്ചതെന്നും സ്റ്റാൻലി ഒമോണ്ടി പറഞ്ഞു. താൻ ചെയ്തതിൽ കുറ്റബോധമുണ്ടെന്നും ഇയാൾ പറഞ്ഞു. രാജ്യാന്തര ക്ലാസിക്കലിൽ 1500 റേറ്റിങ്ങും ബ്ലിറ്റ്സിൽ 1750 റേറ്റിങ്ങുമുള്ള ഇയാളെ ടൂർണമെൻ്റിൽ നിന്ന് സസ്പൻഡ് ചെയ്തു. ഇയാളുടെ എതിരാളികളെ അതാത് റൗണ്ടിൽ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.