താൻ വിഷാദാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുപറഞ്ഞ് നടിയും മോഡലുമായ ശ്രുതി രജനികാന്ത്. ഒന്ന് ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും മനസ് തുറന്ന് ചിരിച്ചിട്ട് ആഴ്ചകളായി എന്നും നടി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രുതി രജനികാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ജോഷ് ടോക്കില്‍ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി പങ്കുവെച്ചിരുന്നു. അതിനുശേഷം നിരവധി പേർ ഇതിനെകുറിച്ച് സംസാരിച്ച് മെസേജ് അയച്ചെന്നും കുറച്ചുകൂടെ വ്യക്തമായി ഈ വിഷയത്തെ കുറിച്ച് സംസാരിക്കണമെന്നുള്ളതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു വീഡിയോയെന്നും താരം പറഞ്ഞു.‘ഞാന്‍ ഒന്ന് മനസ് തുറന്ന് ചിരിച്ചിട്ട് ഏകദേശം ഏഴ് ആഴ്ചയാകുന്നു. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കണ്ണ് മുറുക്കെ അടച്ച് കിടന്നാലും ഉറങ്ങാന്‍ പറ്റാത്തവരുണ്ട്. ഉറങ്ങണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കാതെ കണ്ണ് മിഴിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ജോലി ചെയ്ത് ക്ഷീണിച്ച് വന്നാലും ഉറങ്ങാന്‍ പറ്റില്ല. ആദ്യം ഒരുപാട് കരയുമായിരിന്നു. ഇപ്പോള്‍ അതും ഇല്ല. ഇത് ഞാൻ മാത്രം അനുഭവിക്കുന്ന കാര്യമല്ല. എന്റെ തലമുറയിൽ ഒരുപാട് പേർ ഇത് അനുഭവിക്കുന്നുണ്ട്.’ ശ്രുതി രജനികാന്ത് പറഞ്ഞു.
ഒരു ദിവസം ഇൻസ്റ്റഗ്രാമിൽ ഡിപ്രഷൻ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് സ്റ്റോറി ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം അതിന്റെ മറുപടി കൊണ്ട് നിറഞ്ഞു. ആരും സന്തോഷത്തിലല്ല. എല്ലാവരും മുഖംമൂടി ഇട്ട് ജീവിക്കുന്നതെന്തിനാണ്. നമ്മൾ ഓക്കെ അല്ല എന്നു പറഞ്ഞു ശീലിക്കാം. സുഖമാണോ എന്ന് ചോദിച്ചാൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും സുഖമാണ് എന്നേ പറയൂ. അത് മാറ്റി ശീലിക്കാം എന്നും താരം പറഞ്ഞു.