സവർക്കറിനെതിരായ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം തുടർന്ന് ആർഎസ്എസ്. സവർക്കറെ ചോദ്യം ചെയ്യുന്നത് സ്വർണ്ണ കരണ്ടിയുമായി ജനിച്ചവരാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇന്ദിരാഗാന്ധി, യശ്വന്ത്റാവു ചവാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ സവർക്കറുടെ സംഭാവനകളെ ബഹുമാനിച്ചിരുന്നതെങ്ങനെയെന്നും ദേവേന്ദ്ര ഫഡ്നാവിസ് രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.
‘സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് കത്തെഴുതിയത് തനിക്കുവേണ്ടിയല്ലെന്നും, ജയിലിൽ കഴിയുന്ന സഹതടവുകാർക്ക് വേണ്ടിയാണെന്നും ഈ നേതാക്കൾ പൊതുജനങ്ങളോട് പറയുന്നില്ല. ജയിലിൽ നിന്ന് പുറത്തുകടക്കാൻ സവർക്കർ ബ്രിട്ടീഷുകാരോട് “മാപ്പ് പറഞ്ഞു” എന്ന് രാഹുൽ ഗാന്ധി പലപ്പോഴും ആരോപിച്ചിട്ടുണ്ട്. കൂടാതെ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നും, ഗാന്ധി ആരോടും മാപ്പ് പറഞ്ഞ ചരിത്രമില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു’ – ഫഡ്നാവിസ് പറയുന്നു.
‘ആൻഡമാനിലെ ജയിലിൽ നിന്ന് രത്നഗിരിയിൽ തിരിച്ചെത്തിയ സവർക്കറാണ്, സാമൂഹിക പരിഷ്കരണങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ ആരംഭിച്ചത്. തൊട്ടുകൂടായ്മ ഇല്ലാതാക്കിയില്ലെങ്കിൽ നമ്മൾ ഒരിക്കലും മഹത്തായ രാഷ്ട്രമാകില്ലെന്ന് സവർക്കർ പറഞ്ഞിരുന്നു. എന്നാൽ കരണ്ടിയുമായി ജനിച്ചവർ അദ്ദേഹത്തെ മാഫിവീർ എന്ന് വിളിക്കുന്നു’- ഫഡ്നാവിസ് കൂട്ടിച്ചേർത്തു.