തിരുവനന്തപുരം: കഞ്ചാവും തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളും ആയി നിരവധി കേസിലെ പ്രതി പിടിയിൽ. മഞ്ചാടി വിഷ്ണുപുരം മകം വീട്ടിൽ പാർത്ഥിപൻ (25) ആണ് മലയിൻകീഴ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവും, തോക്ക്, വടിവാൾ, ഉൾപ്പെടെ പത്തോളം മാരകായുധങ്ങളും കഞ്ചാവ് തൂക്കി വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന വൈദ്യുതി ത്രാസ്, ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനായുള്ള സിറിഞ്ച്, വിവിധ ലഹരി ടാബ്ലറ്റുകൾ, ഓൺലൈൻ പാർസൽ കവറുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തി.
അഞ്ച് മൊബൈൽ ഫോണുകളും കഞ്ചാവ് വിൽപന നടത്തി ലഭിച്ചത് എന്ന് കരുതുന്ന പണവും കണ്ടെടുത്തവയിൽ ഉള്‍പ്പെടും. മലയിൻകീഴ് എസ് എച്ച് ഓ ഷിബുവിനെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പേയാട് പള്ളിമുക്കിലെ ശാസ്താ ഫ്യുവൽസിൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ തെരയുന്നതിനിടെയാണ് ഇയാളെ വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിലായത്. കുട്ടികളിൽ ഉൾപ്പടെ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമും പൊലീസ് സംഘവും ചേർന്ന് ചിറയിൻകീഴ് മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിലായത്.
തെന്നൂർക്കോണം സ്വദേശി ജിഷ്ണുവിന്റെ വീട് കേന്ദ്രീകരിച്ചു രാത്രിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളും യുവാക്കളും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത് പ്രകാരം കുറച്ചു നാളുകളായി പ്രദേശത്ത് ഡാൻസഫ് ടീം നിരീക്ഷണം നടത്തി വരികയായിരുന്നു.