ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനാണ് നെയാദി ഒരുങ്ങുന്നത്.
ഈ മാസം 28നാണ് നെയാദിയുടെ സ്പേസ് വാക്ക് നടക്കുക. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമായിരിക്കും അല്‍ നിയാദിയുടെ സ്പേസ് വാക്ക്.
ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തുനിന്ന് ഒരാള്‍ ആദ്യമായി ‘സ്പേസ് വാക്’ നടത്തുന്നു എന്ന റെക്കോഡും അല്‍ നെയാദിക്ക് ലഭിക്കും. യുഎസ്, റഷ്യ, യൂറോപ്, കാനഡ, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികര്‍ മാത്രമാണ് ബഹിരാകാശ നടത്തത്തിന് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.