കൈക്കൂലി വാങ്ങുന്നതിനിടെ ടി.ആർ.ഡി.എം. മാനേജർ അറസ്റ്റിൽ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം.) സൈറ്റ് മാനേജർ അറസ്റ്റിൽ. സലിം താഴെ കോറോത്താണ് അറസ്റ്റിലായത്.
വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സലിമിനെ അറസ്റ്റ് ചെയ്തത്.
പെരിങ്ങോത്ത് ആദിവാസി വിഭാഗങ്ങൾക്ക് അനുവദിച്ച ഭൂമിയിൽ വീട് വെക്കുന്നതിനുള്ള സഹായധനം അനുവദിക്കാൻ 10,000 രൂപ പെരിങ്ങോം സ്വദേശി ബാബുവിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. ബാബു വിജിലൻസിൽ പരാതി നൽകിയിരുന്നു. വിജിലൻസ് നൽകിയ പണം കണ്ണൂർ ജവാഹർ ഹാളിന് സമീപംവെച്ച് പരാതിക്കാരൻ കൈമാറുന്നതിനിടെയാണ് പിടികൂടിയത്. കൈക്കൂലി നൽകിയ പണം വിജിലൻസ് പിടിച്ചെടുത്തു