തിരുവനന്തപുരം: പ്രത്യേകം രൂപകൽപന ചെയ്ത സഞ്ചരിക്കുന്ന ബാറുമായി കറങ്ങി നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് എക്സൈസിൻ്റെ പിടിയിൽ. തിരുവനന്തപുരം കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പ്രത്യേകം രൂപകല്പന ചെയ്ത KL-01-CV-6454 എന്ന ടാറ്റ 407 പിക്അപ് വാഹനവും കസ്റ്റഡിയിൽ എടുത്തു.
വാഹനം സഞ്ചരിക്കുന്ന ഒരു ബാർ ആക്കി മാറ്റി മോടിപിടിപ്പിച്ച് യുവാക്കളെ ഉൾപ്പെടെ ആകർഷിക്കുന്ന വിധത്തിലായിരുന്നു കോക്ടെയിൽ വിൽപന. പാർട്ടി നടക്കുന്ന സ്ഥലങ്ങളിലും സൽക്കാരങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും ആവശ്യപ്പെട്ടാൽ ഈ സഞ്ചരിക്കുന്ന ബാർ എത്തും എന്ന് എക്സൈസ് സംഘം പറയുന്നു. പരസ്യമായുള്ള മദ്യവിൽപനയുടെ ചിത്രങ്ങളും വിഡിയോയും സഹിതം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് വാട്സ്ആപ്പിൽ പരാതിയായി ലഭിച്ചതോടെ ആണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഷാൻ നിഹാലിനെയും വാഹനത്തെയും കുമാരപുരത്തെ വീട്ടിൽനിന്ന് പിടികൂടുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 38.940 ലിറ്റർ ബിയറും10.250 ലിറ്റർ വിദേശമദ്യവും എക്സൈസ് കണ്ടെടുത്തു.
ആലപ്പുഴയിലെ മീനപ്പള്ളി കള്ളുഷാപ്പിൽ കുട്ടികളുമൊത്ത് മുതിർന്നവർ കള്ളുകുടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുന്നതും ഇവരുടെ മുന്നില്‍ വെച്ച് മുതിര്‍ന്നവര്‍ മദ്യപിക്കുന്നതുമായി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 22 നായിരുന്നു വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്ബോട്ടിൽ ഷാപ്പിലെത്തിയത്.
ഭക്ഷണത്തിനു ശേഷമായിരുന്നു കുട്ടികളെയടക്കം ഇരുത്തികൊണ്ടുള്ള കള്ളുകുടി ആഘോഷം. സംഭവം വിവാദമായതോടെ ഷാപ്പ് ലൈസൻസിക്കെതിരെയും നടത്തിപ്പ് ചുമതല വഹിച്ചിരുന്നയാൾക്കെതിരെയും എക്സൈസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവർക്കു മദ്യം നൽകാൻ പാടില്ല എന്ന നിയമം ഷാപ്പില് തെറ്റിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.