പൊലീസ് തിരയുന്നവരുടെ പട്ടികയിൽ അതിഖ് അഹമ്മദിന്റെ ഭാര്യ ഷയിസ്ത പർവീനെക്കൂടി ഉൾപ്പെടുത്തി. യുപി പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ആദ്യ സ്ഥാനക്കാരിലൊരാളായി ഷയിസ്ത ഇടം പിടിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയാണ് ഇനാമായി പ്രഖ്യാപിച്ചിട്ടുള്ളത്. അതിഖ് ജയിലിൽ പോകുമ്പോഴൊക്കെ ഇയാളുടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഇപ്പോൾ 50 വയസ് പ്രായമുള്ള ഷയിസ്തയായിരുന്നു.
പ്രയാഗ്രാജിലെ ഒരു കോളജിൽ നിന്ന് പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയ ഷയിസ്ത ആദ്യകാലങ്ങളിൽ വീട്ടമ്മയായി ഒതുങ്ങുകയായിരുന്നു. ഷയിസ്തയെ വിവാഹം കഴിച്ചതിനു ശേഷമാണ് അതിഖ് ഒരു ഗുണ്ടാത്തലവൻ ആയി മാറുന്നത്. ഈ ദമ്പതികൾക്ക് അഞ്ച് ആൺമക്കൾ ഉണ്ടായിരുന്നു. അവരിൽ ഒരാളായ അസദ്, അതിഖ് കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് പൊലീസ് വെടിവയ്പ്പിനിടെ കൊല്ലപ്പെട്ടു. റിട്ടയേർഡ് പൊലീസ് ഓഫീസർ ആയ മുഹമ്മദ് ഹാറൂൺ ആണ് ഷയിസ്തയുടെ പിതാവ്. ഗുജറാത്തിലെ സബർമതി ജയിലിൽ അതിഖ് അഹമ്മദിനെ കാണാൻ ചെന്ന ഷയിസ്ത ഉമേഷ് പാലിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു എന്നും ഇവർ കൊടുത്തയച്ച തോക്കുപയോഗിച്ചാണ് അതിഖ് ഉമേഷ് പാലിനെ കൊലപ്പെടുത്തിയെതെന്നും പൊലീസ് പറയുന്നു.
അതിഖ് തരാൻ ആവശ്യപ്പെട്ട പണത്തിനുവേണ്ടി ഷയിസ്ത തന്നെ ഭീഷണിപ്പെടുത്തിയതായി സീഷാൻ എന്ന വസ്തുക്കച്ചവടക്കാരൻ ആരോപിച്ചിരുന്നു. ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം സമർത്ഥമായി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ഷയിസ്ത ഇപ്പോൾ ഒളിവിലാണ്.
യു പി പൊലീസിന്റെ കണക്കുപ്രകാരം ഇവർക്കെതിരെ നാല് കേസുകൾ നിലവിലുണ്ട്. അതിൽ ഒന്ന് കൊലപാതകവും ബാക്കി മൂന്നും വഞ്ചനാകുറ്റവുമാണ്. ഈ കേസുകളൊക്കെയും ജില്ലയിലെ പ്രത്യേക സിജെഎം കോടതിയുടെ പരിഗണനയിലാണ്. 2021 സെപ്റ്റംബറിൽ എ ഐ എം ഐ എമ്മിൽ ചേർന്ന ഷയിസ്ത 2023 ൽ മേയർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഎസ്പിയിൽ എത്തിയെങ്കിലും ഉമേഷ് പാലിന്റെ കൊലപാതകത്തെ തുടർന്ന് പാർട്ടി അവരിൽ നിന്ന് അകന്നു നിൽക്കുകയും മേയർ സ്ഥാനാർഥി പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
പഷ്തോയിൽ നിന്ന് ഉത്ഭവിച്ച ഷയിസ്ത എന്ന വാക്കിന് സൗന്ദര്യം എന്നാണ് അർഥം. പിടിഎ മീറ്റിംഗുകളിൽ കൃത്യമായി പങ്കെടുക്കുന്ന തികച്ചും ഒരു കുടുംബിനിയായി കഴിഞ്ഞുകൂടിയ അവർ എങ്ങനെ ഒരു വനിതാ ഗുണ്ടയായി മാറി എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.