മരണം അകാലത്തിലെത്തി ജീവന് കവര്‍ന്നെങ്കിലും ഒരു പറ്റം മനുഷ്യരിലൂടെ പുനര്‍ജീവിക്കുകയാണ് കോട്ടയം പുത്തനങ്ങാടി ആലുംമൂട് സ്വദേശി കൈലാസ് നാഥ്. വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കൈലാസ് നാഥ് തന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്താണ് മറ്റുള്ളവരിലൂടെ ജീവിക്കാനൊരുങ്ങുന്നത്.
കൈലാസിന്റെ മരണശേഷം കുടുംബമാണ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാതൃകാപരമായ തീരുമാനമെടുത്തത്.എ എ റഹീമിന്റെ വാക്കുകള്‍:
‘മരണമില്ലാത്ത മനുഷ്യര്‍.. കൈലാസ് നാഥിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നില്ല. കൈലാസിന്റെ കണ്ണുകള്‍ ഇനിയുംകാഴ്ചകള് തുടരും. മറ്റുള്ളവര്‍ക്കായി കരുതലാകാന്‍,സ്നേഹവും നന്മനിറഞ്ഞ തണലുമാകാന്‍ എത്രമാത്രം സാധിക്കുമോ അത്രയും സാര്‍ത്ഥകമാകും നമ്മുടെ ജീവിതം.
ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ വിതരണത്തിലൂടെയും കോവിഡ് കാലത്ത് ഞങ്ങളുണ്ട്,റീസൈക്കിള്‍ കേരളാ തുടങ്ങിയ ക്യാമ്പയിനുകളിലൂടെയും ഡിവൈഎഫ്ഐ അംഗങ്ങളെ ഈ ഉയര്‍ന്ന രാഷ്ട്രീയബോധത്തിലേയ്ക്ക് ഉയര്‍ത്താനാണ് ശ്രമിച്ചത്.ത്യാഗവും സന്നദ്ധതയും നന്മയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനാണ് ഡിവൈഎഫ്ഐ എപ്പോഴും ശ്രമിക്കുന്നത്. അഭിമാനത്തോടെ പറയാം കൈലാസ് നാഥ് ഡിവൈഎഫ്ഐക്കാരനാണ്.’
കോട്ടയത്ത് ഡിവൈഎഫ്ഐ പുത്തനങ്ങാടി മേഖലയിലെ ആലുംമൂട് യൂണിറ്റ് അംഗമായിരുന്നു പ്ലാത്തറയില്‍ കൈലാസ് നാഥ് (25). ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തയ്യാറായതിലൂടെ ഇനിയും കൈലാസ് ജീവിക്കും. കൈലാസിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിനാകെ മാതൃകയാണെന്നും എംപി ഫേസ്ബുക്കില്‍ കുറിച്ചു.